ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ നിരോധനം നീക്കി

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി. പ്രധാനമന്ത്രി പ്രഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി ഉത്തരവിട്ടത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച് നാടുവിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാറായിരുന്നു ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെയും വിദ്യാർഥി വിഭാഗമായ ഇസ്‍ലാമി ഛാത്ര ശിബിറിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്.

മുസ്‍ലിംകളും ഹിന്ദുക്കളും ബുദ്ധരും ക്രിസ്ത്യാനികളും മറ്റുന്യൂനപക്ഷ മത വിഭാഗങ്ങളി​ലെ സഹോദരീ സഹോദരങ്ങളും ചേർന്നാണ് ബംഗ്ലാദേശ് നിർമ്മിച്ചിരിക്കുന്നതെന്നും നാമെല്ലാവരും ചേർന്നതാണ് ഈ രാഷ്ട്രമെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. ഷഫീഖുർ റഹ്‌മാൻ പറഞ്ഞു. നിരോധനം നീക്കിയതിനു പിന്നാലെ ധാക്കയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഷ്ട്രീയം നമ്മുടെ രാജ്യത്തിന്റെ ഗതി നിർണയിക്കും. ജനങ്ങളുടെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യാൻ നാമെല്ലാവരും ശ്രമിച്ചിട്ടുണ്ട്. വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിൽ ഇതുവരെ നാം പൂർണവിജയം കൈവരിച്ചിട്ടില്ല’ -അ​ദ്ദേഹം പറഞ്ഞു. 1971ൽ പാകിസ്താനിൽനിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ജമാഅത്തെ ഇസ്‌ലാമി അമീർ അഭിനന്ദിച്ചു.

ദേശീയ ആഭ്യന്തര മന്ത്രാലയമാണ് നിരോധനം നീക്കി ഉത്തരവിറക്കിയത്. ജമാഅത്തെ ഇസ്‍ലാമിക്കോ അതിന്റെ വിദ്യാർഥി വിഭാഗമായ ഇസ്‍ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകൾക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവിൽ പറഞ്ഞു. ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏർപ്പെടുത്തിയ വിലക്കും നീങ്ങ​​ും. 

Tags:    
News Summary - Bangladesh revokes ban on Jamaat-E-Islami Bangladesh, its students wing Islami Chhattra Shibir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.