കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മരണാനന്തര ചടങ്ങുകൾ തടസ്സപ്പെട്ട ബുദ്ധമത വിശ്വാസികളുടെ ശവസംസ്‌കാരത്തിന് ഇന്ധനത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാൻ ശ്രീലങ്ക തീരുമാനിച്ചു. എൽ.പി.ജി ക്ഷാമത്തെത്തുടർന്ന് തലസ്ഥാനമായ കൊളംബോക്ക് പുറത്തുള്ള നിരവധി ശ്മശാനങ്ങളിൽ സംസ്കാരങ്ങൾ റദ്ദാക്കിയിരുന്നു. ദഹിപ്പിക്കുന്നതിന് പകരം മൃതദേഹങ്ങൾ അടക്കാനായിരുന്നു നിർദേശം.
ചൊവ്വാഴ്ച തുറമുഖത്ത് എത്തിയ എൽ.പി.ജി ശേഖരം ഹോട്ടലുകൾ, ആശുപത്രികൾ, ശ്മശാനങ്ങൾ എന്നിങ്ങനെയുള്ളവക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. വീടുകൾക്കായി രണ്ടാഴ്ചക്കുള്ളിൽ മറ്റൊരു വാതക ശേഖരമെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പത്തെ നേരിടുന്ന ശ്രീലങ്കയിൽ മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവും ഉയർന്നു. ഡിസംബറിൽ 3,80,000 ശ്രീലങ്കൻ രൂപ ചെലവായ ഒരു ദിവസത്തെ ശവസംസ്കാര സേവനത്തിന് ഇപ്പോൾ ക്രിമറ്റോറിയം ചാർജുകൾ ഇല്ലാതെ ഇരട്ടിയിലധികമാണ്.
സാമ്പത്തിക രക്ഷാ പാക്കേജ് സംബന്ധിച്ച ചർച്ചക്കായി അന്താരാഷ്ട്ര നാണയനിധി പ്രതിനിധിസംഘം തിങ്കളാഴ്ച രാജ്യം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ ഭക്ഷ്യക്ഷാമം ഭയന്ന് കൃഷിചെയ്യാൻ സർക്കാർ ജീവനക്കാർക്ക് അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ വെള്ളിയാഴ്ചയും അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.