ബശ്ശാറുൽ അസദും ഭാര്യ അസ്മയും

ഇഷ്ടം യു.കെ, മോസ്കോയിലെ ജീവിതം മടുത്തു; ബശ്ശാറുൽ അസദിന്റെ ഭാര്യ അസ്മ വിവാഹ മോചനത്തിന്

മോസ്കോ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ ഭാര്യ അസ്മ വിവാഹമോചനത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. മോസ്കോയിലെ ഒളിവു ജീവിതത്തിൽ അസംതൃപ്തയായ അസ്മ യു.കെയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും തുർക്കിഷ്, അറബ് വൃത്തങ്ങളെ ഉദ്ധരിച്ച് ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മോസ്കോ വിടാനായി അസ്മ റഷ്യൻ കോടതിയെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹരജി റഷ്യൻ അധികൃതരുടെ പരിഗണനയിലാണ്.

വിമതരുടെ മുന്നേറ്റത്തെ തുടർന്ന് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ബശ്ശാറുൽ അസദും കുടുംബവും മോസ്കോയിലാണ് അഭയം തേടിയത്.

1975ൽ സിറിയൻ ദമ്പതികളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ബ്രിട്ടീഷ്, സിറിയൻ ഇരട്ട പൗരത്വവുമുണ്ട് ഇവർക്ക്. ലണ്ടനിലെ കിങ്സ് കോളജിൽ നിന്നാണ് അസ്മ കംപ്യൂട്ടർ സയൻസിലും ഫ്രഞ്ച് ലിറ്ററേച്ചറിലും ബിരുദം നേടിയത്. അതിനു ശേഷമാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ജോലി ആരംഭിച്ചത്.

2000 ഡിസംബറിലായിരുന്നു അസ്മയുടെയും ബശ്ശാറുൽ അസദിന്റെയും വിവാഹം. ഇവർക്ക് ഹാഫിസ്, സെയ്ൻ, കരീം എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. സിറിയയിൽ ജനകീയ പ്രക്ഷോഭം തുടങ്ങിയതുമുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് പോകാൻ അസ്മ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

റഷ്യൻ അധികൃതരുടെ കടുത്ത നിയന്ത്രണത്തിലാണ് ബശ്ശാറും കുടുംബവും കഴിയുന്നത്. അഭയം നൽകാനുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടാലും മോസ്കോ വിട്ടുപോകുന്നതിനും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും ബശ്ശാറിന് വിലക്കുണ്ടാകും. 270 കി.ഗ്രാം സ്വർണം, 200കോടി ഡോളർ പണം, മോസ്കോയിലെ 18 സ്വത്ത്‍വകകൾ എന്നിവയടക്കം ബശ്ശാറിന്റെ സ്വത്തുക്കൾ റഷ്യൻ അധികൃതർ മരവിപ്പിച്ചിരുന്നു.

സിറിയയിൽ 50 വർഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാരവാഴ്ചക്കാണ് വിമതർ അന്ത്യം കുറിച്ചത്. സൈനിക അട്ടിമറിയിലാണ് 1970 കളുടെ തുടക്കത്തിൽ ബശ്ശാറിന്റെ പിതാവ് ഹാഫിസുൽ അസദ് സിറിയയുടെ ഭരണം പിടിച്ചെടുത്തത്. തുടർന്നുള്ള 50 വർഷക്കാലം ബശ്ശാർ കുടുംബത്തിന്റെ അധികാരവാഴ്ചയായിരുന്നു. വിമതസേന ഡമസ്കസ് പിടിച്ചെടുത്തപ്പോഴാണ് ബശ്ശാറും കുടുംബവും വിമാനത്തിൽ രാജ്യം വിട്ടത്.

Tags:    
News Summary - Bashar Al-Assad's wife files for divorce, wants to return to UK: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.