ജെഫ് ബെസോസും പ്രതിശ്രുത വധു ലോറൻ സാഞ്ചസും

രണ്ടാം വിവാഹത്തിന് ചെലവാക്കുന്നത് 600 മില്യൺ ഡോളർ; റിപ്പോർട്ടുകൾ തള്ളി ജെഫ് ബെസോസ്

ന്യൂയോർക്ക്: 600 മില്യൺ ഡോളർ ചെലവഴിച്ചാണ് ലോറൻസ് സാഞ്ചസിനെ വിവാഹം കഴിക്കുന്നതെന്ന റിപ്പോർട്ടുകൾ തള്ളി ജെഫ് ബെസോസ്. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം തീർത്തും വാസ്തവ വിരുദ്ധമാണെന്നായിരുന്നു ജെഫ് ബെസോസ് എക്സ് പോസ്റ്റിൽ കുറിച്ചത്.

സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബെസോസ് മറുപടി നല്‍കിയത്. വാര്‍ത്ത വിശ്വസനീയമല്ലെന്നും അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ല എന്നായിരുന്നു ആക്ക്മാന്റെ പോസ്റ്റ്.

സാഞ്ചസും ബെസോസിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിനു താഴെ ഒന്നും സത്യമല്ല എന്നും കുറിച്ചു.

ഡെയ്‍ലി മെയ്ലും ന്യൂയോർക്ക് പോസ്റ്റുമാണ് 600 മില്യൺ ഡോളർ പൊടിച്ചാണ് ജെഫ് ബെസോസ് വിവാഹം കഴിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തതത്. വിവാഹത്തിനായി ഡിസംബർ 26,27 തീയതികളിലായി ഇറ്റലിയിലെ പോസിതാനോയിൽ ആഡംബര റസ്റ്റാറന്റുകൾ ബുക്ക് ചെയ്തുവെന്നും 180 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ബിൽ ഗേറ്റ്സ്, ലിയനാർഡോ ഡി കാപ്രിയോ, ജോർഡൻ രാജ്ഞി റാനിയ എന്നിവരാണ് വിവാഹചടങ്ങിലെ സ്റ്റാർ ഗസ്റ്റുകൾ.

2018ലാണ് ജെഫ് ബെസോസും 55 കാരിയായ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സാഞ്ചസും ഡേറ്റിങ് തുടങ്ങിയത്. 2019ൽ ഇരുവരും പ്രണയവിവരം പുറത്തുവിട്ടു. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സും സ്വന്തമായുള്ള സാഞ്ചസ് നേരത്തെ ബ്ലാക്ക് ഒപ്‌സ് ഏവിയേഷന്‍ എന്ന കമ്പനിയുടെ മേധാവിയായിരുന്നു. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് ഇവർ മുമ്പ് വിവാഹം ചെയ്തത്. രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചസിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ 60കാരനായ ബെസോസിന് മൂന്ന് കുട്ടികളുണ്ട്. ആമസോൺ സ്ഥാപകനാണ് അമേരിക്കൻ ബിസിനസുകാരനായ ബെസോസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.