കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിലെ വ്യത്യസ്ത നഗരങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സമ്പൂർണ കോവിഡ് മുക്തമാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളും ലോക്ഡൗണുമാണ് ചൈന നടപ്പാക്കുന്നത്. ഇതിനെതിരായ അമർഷം ജനങ്ങളിൽ പുകയുന്നുണ്ട്. പ്രതിഷേധങ്ങളെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ചൈന അടിച്ചമർത്തുകയാണെന്നാണ് വിദേശമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടറെ പൊലീസ് മർദിക്കുകയും അറസ്റ്റ് ചെയ്ത് കൈയാമം വെച്ച് നടത്തിക്കുകയും ചെയ്തെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ബിബിസി റിപ്പോർട്ടർ എഡ് ലോറൻസിനാണ് ചൈനയിൽ ദുരനുഭവമുണ്ടായത്. ഷാങ്ഹായിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു എഡ് ലോറൻസ്. എന്നാൽ, പൊലീസ് ഇദ്ദേഹത്തെ പിടികൂടി മർദിക്കുകയും അറസ്റ്റ് ചെയ്ത് കൈയാമം വെച്ച് നടത്തിക്കുകയും ചെയ്തുവെന്ന് ബിബിസി പറയുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ലോറൻസിനെ പൊലീസ് വിട്ടയച്ചത്.
ലോറൻസിനെ അറസ്റ്റ് ചെയ്തത് ആൾക്കൂട്ടത്തിൽ നിന്ന് അദ്ദേഹത്തിന് കോവിഡ് പിടിപെടാതിരിക്കാനാണെന്നാണ് ചൈനീസ് അധികൃതർ ബിബിസിക്ക് നൽകിയ വിശദീകരണം. ലേഖകനെ അറസ്റ്റ് ചെയ്തതിനോ മർദിച്ചതിനോ ഇത് ശരിയായ വിശദീകരണമല്ലെന്ന് ബിബിസി പ്രതികരിച്ചു.
അതേസമയം, യൂണിവേഴ്സിറ്റികളിലടക്കം കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം നടക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനും കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പരിപാടികളിൽ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.