‘അമ്മ മരിച്ചുപോയി, ഞങ്ങൾക്ക് വിശക്കുന്നു’ - ആമസോൺ കാട്ടിലകപ്പെട്ട കുട്ടികൾ രക്ഷാ പ്രവർത്തകരെ കണ്ടപ്പോൾ ആദ്യം പറഞ്ഞ വാക്കുകൾ

ബോഗോട്ട്: ‘ഞങ്ങൾക്ക് വിശക്കുന്നു, ഞങ്ങളുടെ അമ്മമ മരിച്ചുപോയി’ -ആമസോൺ കാടുകളിൽ അകപ്പെട്ട് 40 ദിവസങ്ങൾക്ക് ശേഷം രക്ഷാ പ്രവർത്തകരെ കണ്ട കുട്ടികൾ ആദ്യമായി പറഞ്ഞ വാക്കുകളാണിത്. രക്ഷാ പ്രവർത്തകർ ഞായറാ​ഴ്ച ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഓർത്തെടുത്തെടുത്തത്.

13, ഒമ്പത്, അഞ്ച്, ഒരു വയസ് എന്നിങ്ങ​നെ നാലു സഹോദരങ്ങളാണ് ആമസോൺ കാടുകളിൽ അകപ്പെട്ടത്. അ​മ്മയോടൊപ്പം പിതാവിനടുത്തേക്ക് ചെറു വിമാന ടാക്സിയിൽ യാത്രചെയ്യവെ വിമാനം കാടിനു മുകളിൽ തകർന്ന് വീഴുകയായിരുന്നു. മെയ് ഒന്നിനാണ് അപകടം നടന്നത്. ആമസോണിന്റെ ഉൾക്കാടുകൾക്ക് മുകളിലെത്തിയപ്പോഴായിരുന്നു വിമാനം തകർന്നത്. അമ്മയും പൈലറ്റുമാരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് കണ്ടെത്താനായി. എന്നാൽ നാലു കുട്ടികൾ രക്ഷപ്പട്ടിരുന്നു. ഇവരെ കണ്ടെത്താനായി ഒരുമാസമായി ആമസോൺ കാട്ടിൽ ​സൈന്യം വിവിധ സംഘങ്ങളായി തദ്ദേശീയരുടെ സഹായത്തോടെ തിരിച്ചിൽ തുടരുകയായിരുന്നു. ഒടുവിൽ 40 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ടെത്തുമ്പോൾ 13 കാരി ലെസ്‍ലിയുടെ കൈയിൽ ഒരു വയസുള്ള കുഞ്ഞുണ്ടായിരുന്നു. രക്ഷാ പ്രവർത്തകരെ കണ്ടതോടെ അവൾ അവരുടെ അടുത്തേക്ക് ഓടിയെത്തി. ‘എനിക്ക് വിശക്കുന്നു’ എന്ന് അവൾ പറഞ്ഞു - രക്ഷാ പ്രവർത്തകരിലുൾപ്പെട്ട നികോളാസ് ഓർഡോനെസ് ഗോമസ് ഓർത്തെടുത്തു. രണ്ട് കുട്ടികൾ നിലത്ത് കിടക്കുകയായിരുന്നു. അവരിലൊരാൾ ഉടൻ ചാടി എഴുന്നേറ്റ് പറഞ്ഞു ‘എന്റെ അമ്മ മരിച്ചു’ അതു കേട്ടയുടൻ ഞങ്ങൾ അവരോട് കുറേ നല്ല വാർത്തകൾ പറഞ്ഞു. ഞങ്ങൾ അവരുടെ സുഹൃത്തുക്കളാണെന്നും അവരുടെ കുടുംബമാണ് ഞങ്ങളെ കാട്ടിലേക്ക് അയച്ചതെന്നും പിതാവും അമ്മാവനും ഉൾപ്പെടെ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഞങ്ങൾ അവരോട് പറഞ്ഞു -ഗോമസ് വിശദീകരിച്ചു.

അഞ്ചുവയസുള്ള കുട്ടിയുടെയും ഒരു വയസുള്ള കുട്ടിയുടെയും ജൻമദിനം കാട്ടിലകപ്പെട്ടപ്പോഴായിരുന്നു. രക്ഷാ പ്രവർത്തകർ പുറത്തു വിട്ട വിഡിയോയിൽ കുട്ടികൾ കാട്ടിലെ ജീവിതം കാരണം മെലിഞ്ഞാണിരിക്കുന്നത്. രക്ഷാ പ്രവർത്തകർ പുക വലിക്കുന്നതും ആഘോഷിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.

കുട്ടികളുടെ പിതാവ് മാനുവൽ മില്ലർ ​റാനോഖ് ആശുപത്രിക്ക് പുറത്തു നിന്ന് മാധ്യമങ്ങളോട് സംസാരിച്ചു. മെയ് ഒന്നിലെ അപകടത്തിൽ ഭാര്യ മഗ്ദലീനക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. നാലു ദിവസത്തിനു ശേഷമാണ് അവർ മരിച്ചത്. അതുവരെ കുട്ടികൾ അവരോടൊപ്പമുണ്ടായിരുന്നു. 13കാരിയായ ലെസ്‍ലിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പിതാവ് കൂട്ടിച്ചേർത്തു.

അമ്മ മരിക്കുന്നതിന് മുമ്പ് കുട്ടികളോട് ഒരു കാര്യം പറഞ്ഞിരുന്നു. ‘അപകട സ്ഥലത്തു നിന്ന് പോകാൻ അവൾ ആവശ്യപ്പെട്ടു. നിങ്ങളുടെ പിതാവ് എങ്ങനെയുള്ള ആളാണെന്ന് നിങ്ങൾക്ക് മനസിലാകും. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ അദ്ദേഹം നിങ്ങളെ സ്നേഹിക്കും’ -മാതാവ് കുട്ടികളോട് പറഞ്ഞു.

അവരുടെ പ്രാദേശികമായ അറിവുകളാണ് കൊടും കാട്ടിൽ ക്രൂരമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാൻ അവരെ സഹായിച്ചത്. കാട്ടിൽ ഇടതടവില്ലാതെ പെയ്യുന്ന മഴയാണ് രക്ഷാ പ്രവർത്തകരുടെ വിളി കേൾക്കാൻ അവർക്ക് സാധിക്കാത്തതിനു കാരണം. ആമസോൺ മേഖലയിൽ തന്നെ വളർന്നതിനാൽ എന്തെല്ലാം കാട്ടുപഴങ്ങളും ചെടികളും കഴിക്കാമെന്ന് അവർ പഠിച്ചിരുന്നു. ഇത്തരത്തിൽ കാട്ടു പഴങ്ങളും വിത്തുകളും വേരുകളും ചെടികളും അവർ കഴിച്ചു.

പ്രസിഡന്റ് ഗുസ്താവോ പെട്രോക്കൊപ്പം പ്രതിരോധ മന്ത്രി ഇവാൻ വെലസ്കൊസ് ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ചു. അവർ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. എന്നാലും ഖര ആഹാരങ്ങൾ ഇതുവരെ കഴിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13കാരിയായ ലെസ്‍ലിയോടാണ് നന്ദി പറയേണ്ടത്. അവളുടെ ധൈര്യത്തിന്, അവളുടെ നേതൃത്വത്തിന്, അവളുടെ സംരക്ഷണം കൊണ്ടും കാടിനെ കുറിച്ചുള്ള അറിവുകൊണ്ടും മാത്രമാണ് മറ്റ് മൂന്നു കുട്ടികൾക്കും അതിജീവിക്കാനായത് -വെലസ്കൊസ് പറഞ്ഞു.

Tags:    
News Summary - "Before Dying, Their Mom Told Them...": Children's 40-Day Jungle Nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.