കീവ്: വിമാനത്തിന് സുരക്ഷാഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നല്കി ആതന്‍സില്‍നിന്ന് ലിേത്വനിയയിലേക്ക് പറക്കുകയായിരുന്ന റയാന് എയര്‍ വിമാനത്തെ മിന്‍സ്ക് വിമാനത്താവളത്തിലിറക്കി മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടര്‍ ലൂകഷെങ്കോ.
വിമാനങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനം എടുത്തതിലൂടെ യൂറോപ്യൻ രാജ്യങ്ങൾ തെൻറ രാജ്യത്തെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാത്രാവിമാനം ബലം പ്രയോഗിച്ച് ഇറക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന് മുകളിലൂടെ വിമാനം പറത്തേണ്ടതില്ലെന്ന് യൂറോപ്യൻ യൂനിയൻ തീരുമാനിച്ചിരുന്നു. അംഗരാജ്യങ്ങളുടെ വ്യോമപാതയോ വിമാനത്താവളങ്ങളോ ഉപയോഗിക്കാൻ ബെലറൂസിനെ അനുവദിക്കേണ്ടതില്ലെന്നും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും യൂനിയൻ തീരുമാനിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകാണ്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ലൂകാഷെങ്കോ പറഞ്ഞു.
ലൂകാഷെങ്കോ ഭരണകൂടത്തിെൻറ നിശിതവിമര്‍ശകനായ മാധ്യമപ്രവര്ത്തകന് റൊമാന് പ്രോട്ടസെവിച്ചിനെയാണ് വിമാനം നിലത്തിറക്കിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിവിധ രാഷ്ട്രത്തലവന്മാര് കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ബെലറൂസിന് മുകളില്‍ വിമാനമെത്തിയപ്പോഴാണ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നും അടിയന്തരമായി നിലത്തിറക്കണമെന്നുമുള്ള സന്ദേശം പൈലറ്റിന് ലഭിച്ചത്. മിന്‍സ്ക് വിമാനത്താവളത്തില്‍നിന്ന് ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം പൈലറ്റ് അനുസരിച്ചു. ബെലറൂസ് സൈന്യത്തിെൻറ മിഗ്-29 ഫൈറ്റര്‍ ജെറ്റ് ഈ വിമാനത്തെ അനുഗമിച്ചെത്തി.
നിമിഷങ്ങള്‍ക്കുശേഷമാണ് റൊമാന് പ്രോട്ടസെവിച്ചിെൻറ അറസ്റ്റിനാണ് വിമാനമിറക്കിയതെന്ന കാര്യം പൈലറ്റിനും യാത്രക്കാര്‍ക്കും മനസ്സിലായത്. അറസ്റ്റിന് ശേഷം വിമാനത്തിന് യാത്ര തുടരാന്‍ അനുമതിയും നൽകി. ലൂകാഷെങ്കോയുടെ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് പ്രോട്ടസെവിച്ച് നോട്ടപ്പുള്ളിയായത്. നെക്റ്റ എന്ന ടെലിഗ്രാം ചാനലിെൻറ സ്ഥാപക പങ്കാളിയും മുന്‍ എഡിറ്ററുമായിരുന്നു പ്രോട്ടസെവിച്ച്. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരവധി മാധ്യമസ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.