ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുർക്കി അവസാനിപ്പിച്ചതായി ഉർദുഗാൻ

അങ്കാറ: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും തുർക്കി വിച്ഛേദിച്ചതായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. സൗദി അറേബ്യ, അസർബൈജാൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനുപിന്നാലെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉർദുഗാൻ ഇക്കര്യം വ്യക്തമാക്കിയത്. ത​ന്‍റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഓഫ് തുർക്കി ഭരണകൂടം ഇസ്രായേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉർദുഗാൻ പറഞ്ഞു. ഗസ്സയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.

‘ഞങ്ങളുടെ ഭരണസഖ്യം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. ഭാവിയിലും ഞങ്ങൾ ഈ നിലപാട് നിലനിർത്തും. റിപ്പബ്ലിക് ഓഫ് തുർക്കി എന്ന നിലയിലും അതി​ന്‍റെ സർക്കാറെന്ന നിലയിലും ഞങ്ങൾ നിലവിൽ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവി​ന്‍റെ ഉത്തരവാദിത്തം തെളിയിക്കാൻ തുർക്കി ആവുന്നതെല്ലാം ചെയ്യുമെന്നും’ ഉർദുഗാൻ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രായേലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്‍ക്കി. കഴിഞ്ഞ വർഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെൽ അവീവിലെ തുർക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ കഴിഞ്ഞ വർഷം അങ്കാറയിലെ തങ്ങളുടെ എംബസി ഒഴിപ്പിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇായേലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ഇസ്രയേലിലേക്കുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് നവംബർ ആദ്യം ഐക്യരാഷ്ട്രസഭയിൽ തുർക്കി ആരംഭിച്ച ആയുധ ഉപരോധത്തിന് 52 ​​രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണ അറിയിച്ചതായി ഉർദുഗാൻ പറഞ്ഞു.

Tags:    
News Summary - Turkey severs all relations with Israel, says Erdogan Turkish president says he will not 'continue or develop relations' with Israel in future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.