യു.എസ് ഭരണഘടന പൊളിച്ചെഴുതുമോ? വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: ഒരിക്കൽ കൂടി ​പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

റിപ്പബ്ലിക്കൻ അനുയായികളുടെ പിന്തുണയില്ലെങ്കിൽ ആ മോഹം ഉപേക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസ് ഭരണഘടനയനുസരിച്ച് ഒരാൾക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കുകയുള്ളൂ. മൂന്നാംതവണയും മത്സരിക്കണമെന്ന് ഭരണഘടന മാറ്റിയെഴുതേണ്ടി വരും. മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്ന ട്രംപ് അങ്ങനെയൊരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

''അയാൾ കൊള്ളാം...എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നാണ് നിങ്ങൾ എന്നെ കുറിച്ച് ചിന്തിക്കുന്നതെങ്കിൽ ഒരിക്കൽ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. എന്നാൽ നിങ്ങൾക്ക് താൽപര്യമില്ല എങ്കിൽ മത്സരിക്കില്ല.​''-എന്നാണ് ട്രംപ് പറഞ്ഞത്.

2028ലാണ് ഇനി യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. യു.എസ് ഭരണഘടനയിലെ 22ാം ഭേദഗതിയാണ് ഒരു വ്യക്തിയെ മൂന്നുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയുന്നത്. മൂന്നാമതും മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ട്രംപ് ആദ്യം ചെയ്യുക ഈ ഭേദഗതി മരവിപ്പിക്കുകയാണ്. സെനറ്റിന്റെയും കോൺഗ്രസിന്റെയും പിന്തുണയുണ്ടെങ്കിൽ അത് സാധിക്കുകയും ചെയ്യും. നിലവിൽ ഭരണഘടന മറികടന്ന് ഒരു പ്രസിഡന്റും രണ്ടിലേറെ തവണ മത്സരിക്കാൻ താൽപര്യം കാണിച്ചിട്ടില്ല.

1951 മുതലാണ് യു.എസിൽ രണ്ടിൽ കൂടുതൽ തവണ ഒരാൾ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതിന് വിലക്ക് വന്നത്. നാലുതവണ യു.എസ് പ്രസിഡന്റായ ഫ്രാങ്ക്ലിൻ ഡി. റൂസ് വെൽറ്റിന്റെ മരണത്തിന് പിന്നാലെയായിരുന്നു അത്. 1945ൽ നാലാംതവണ പ്രസിഡന്റായി അധികാരത്തിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. രണ്ടിലേറെ തവണ അധികാരത്തിലിരുന്ന ഒരേയൊരു യു.എസ് പ്രസിഡന്റും റൂസ് വെൽറ്റാണ്. പ്രഥമ പ്രസിഡന്റായ ജോർജ് വാഷിങ്ടൺ പോലും രണ്ട് തവണയാണ് അധികാരത്തിലിരുന്നത്. ആ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ പിന്നീട് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഭരണഘടനയിലെ 22ാം ഭേദഗതി കൊണ്ടുവരുന്നത്.

435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയി​ൽ 290 പേരുടെയും 100 അംഗങ്ങളുള്ള സെനറ്റിൽ 67 പേരുടെയും പിന്തുണ ലഭിച്ചാൽ ഭേദഗതിയിൽ മാറ്റം വരുത്താൻ സാധിക്കും. അതു​മാത്രമല്ല, 50 സംസ്ഥാനങ്ങളിൽ 38 എണ്ണത്തിന്റെയും പിന്തുണയും വേണം. 

Tags:    
News Summary - Donald Trump hints at constitution breaking 3rd term as president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.