യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് സ്വീകരിക്കുന്നു

ബൈഡൻ ഇസ്രായേലിൽ; വംശവെറിക്ക് പിന്തുണ നൽകാനെന്ന് ഫലസ്തീനികൾ

തെൽഅവീവ്: പതിറ്റാണ്ടുകളുടെ സൗഹൃദമുള്ള പഴയ കൂട്ടുകാരനായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലെത്തി. പശ്ചിമേഷ്യ സന്ദർശനത്തിന്റെ ഭാഗമായാണ് തെൽഅവീവിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്.

ഇരു രാജ്യങ്ങളും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധമാണെന്നും ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും മുന്നിലെ വഴി ദ്വിരാഷ്ട്ര പരിഹാരത്തിന്റെതാണെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, മഹാനായ ഒരു സയണിസ്റ്റും ഇസ്രായേൽ കണ്ടതിൽ ഏറ്റവും മികച്ച സുഹൃത്തുക്കളിലൊരാളുമാണ് ബൈഡനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡും പ്രതികരിച്ചു.

രണ്ടു ദിവസം ജറൂസലമിൽ തങ്ങുന്ന ബൈഡൻ ഇസ്രായേൽ നേതാക്കളുമായും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും സംസാരിക്കും. അതുകഴിഞ്ഞ് ജിദ്ദയിലേക്കാകും യാത്ര. പ്രസിഡന്റായശേഷം ബൈഡന്റെ ആദ്യ പശ്ചിമേഷ്യ യാത്രയാണിത്. അതേസമയം, ട്രംപിനു ശേഷം ഇസ്രായേലിന് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് രണ്ടു ദിവസത്തെ സന്ദർശനത്തിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ടെൽ അവീവിലെത്തുമ്പോൾ ഫലസ്തീനികൾ കടുത്ത അമർഷത്തിലാണ്. തങ്ങളുടെ സ്വാതന്ത്ര്യവും അഭിമാനവും പണയപ്പെടുത്തി ഇസ്രായേലുമായി അടുപ്പം കൂട്ടാനാണ് ബൈഡൻ എത്തുന്നതെന്നാണ് കുറ്റപ്പെടുത്തൽ.

ബൈഡൻ യു.എസിൽ അധികാരമേറിയ ശേഷം നിയമവിരുദ്ധ ജൂത കുടിയേറ്റങ്ങളും ഫലസ്തീനികളുടെ വധവും കൂടിയത് ഇതിന്റെ തെളിവായി അവർ പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ്, പ്രതിപക്ഷ നേതാവ് ബിന്യമിൻ നെതന്യാഹു തുടങ്ങിയവരെ കാണുന്ന ബൈഡൻ അധിനിവിഷ്ട കിഴക്കൻ ജറൂസലമിലും വെസ്റ്റ് ബാങ്കിലും സന്ദർശനം നടത്തുന്നുണ്ട്.

ഇസ്രായേൽ സൈന്യം നിഷ്ഠുരമായി കൊലപ്പെടുത്തിയ അൽജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബൂ ആഖിലയുടെ കുടുംബം പ്രസിഡന്റിനെ കാണാൻ അനുമതി തേടി കത്തയച്ചിരുന്നുവെങ്കിലും പ്രതികരണമുണ്ടായിട്ടില്ല. ഇസ്രായേലിനെ പ്രകോപിപ്പിക്കുമെന്ന് കണ്ടാണ് സമ്മതം മൂളാത്തതെന്ന് കുടുംബം പറയുന്നു. മുൻ പ്രസിഡന്റ് ട്രംപിന്റെ കാലത്താണ് ജറൂസലമിനെ പൂർണമായി ഇസ്രായേൽ തലസ്ഥാനമായി യു.എസ് അംഗീകരിച്ചത്. ടെൽ അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റുകയും ചെയ്തു.

ജൂലാൻ കുന്നുകളിന്മേലുള്ള ഇസ്രായേൽ അവകാശവാദത്തിനും ട്രംപ് പച്ചക്കൊടി നൽകി. വാഷിങ്ടണിലെ ഫലസ്തീനി പ്രതിനിധി ഓഫിസ് അടച്ചുപൂട്ടിയും ജറൂസലമിൽ ഫലസ്തീനികൾക്കായുള്ള യു.എസ് കോൺസുലേറ്റിന് താഴിട്ടും ഇസ്രായേൽ ബാന്ധവം കൂടുതൽ ഉറപ്പിച്ചു. നിലപാടുകളിൽ വ്യത്യാസമില്ലാതെയാണ് ബൈഡന്റെ വരവുമെന്നും ഫലസ്തീനികൾ പറയുന്നു.

Tags:    
News Summary - Biden in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.