കാബൂൾ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സേന പിന്മാറ്റം പൂർണമാക്കാൻ ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്നാണ് സൂചന.
2,500 യു.എസ് സൈനികരാണ് നിലവിൽ അഫ്ഗാനിസ്താനിലുള്ളത്. 7,000 മറ്റു വിദേശ സൈനികരുമുണ്ട്. അമേരിക്ക പിൻവലിക്കുന്നതിനൊപ്പം നാറ്റോ സഖ്യകക്ഷികളും സൈനികരെ പിൻവലിച്ചേക്കും. മേയ് ഒന്നിന് പുതിയ പിന്മാറ്റം ആരംഭിക്കും. താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. പിന്മാറ്റം പൂർത്തിയാകുന്നതോടെ അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്കു മാത്രമാകും സുരക്ഷാ സൈനികർ കാവലുണ്ടാകുക.
2001ലെ സെപ്റ്റംബർ 11 ആക്രമണത്തോടെ ആരംഭിച്ച യു.എസ് സൈനിക സാന്നിധ്യ കാലത്ത് എട്ടു ലക്ഷം സൈനികർ മാറിമാറി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2,300 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേ സമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് യു.എസ് കാർമികത്വത്തിൽ തുർക്കിയിൽ അടുത്ത ദിവസം ചർച്ചകൾക്കു തുടക്കം കുറിക്കാനിരിക്കുകയാണെങ്കിലും വിദേശ സൈനികരുടെ പൂർണ പിന്മാറ്റമില്ലാതെ പങ്കെടുക്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.