ന്യൂഡൽഹി: സ്വപ്ന കരിയറിനായി മികച്ച 'റെസ്യൂമെ'(ബയോഡാറ്റ) തയാറാക്കുക എന്നത് തൊഴിലന്വേഷകരെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. റെസ്യൂമെ നോക്കിയാണ് പല കമ്പനികളും ആളുകളെ ജോലിക്കു തെരഞ്ഞെടുക്കുന്നതു പോലും. ലോകത്തെ ഏറ്റവും ധനികരിലൊരാളും മൈക്രോസോഫ്റ്റിന്റെ തലതൊട്ടപ്പനുമായ ബിൽ ഗേറ്റ്സും ഒരു കാലത്ത് ജോലി അന്വേഷിച്ചു നടന്ന ഒരാളായിരുന്നു. അക്കാലത്ത് തയാറാക്കിയ, അതായത് 48 വർഷം മുമ്പത്തെ തന്റെ റെസ്യൂമെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കയാണ് 66 കാരനായ ബിൽ ഗേറ്റ്സ്.
അദ്ദേഹത്തിന്റെ റെസ്യൂമെയേക്കാളും എന്തുകൊണ്ടും മികച്ചതായിരിക്കും ഇപ്പോൾ തൊഴിലന്വേഷിക്കുന്ന യുവാക്കളുടെതെന്നും ബിൽ ഗേറ്റ്സ് ഉറപ്പുപറയുന്നുമുണ്ട്. 'നിങ്ങളിൽ പലരും ബിരുദം പൂർത്തിയാക്കി കോളജിൽ നിന്ന് ഇറങ്ങിയിട്ടേ ഉണ്ടാകൂ. 48 വർഷം മുമ്പ് ഞാൻ തയാറാക്കിയ റെസ്യൂമെയേക്കാൾ മികച്ച ഒന്നായിരിക്കും അതെന്ന് എനിക്കുറപ്പുണ്ട്.-ബിൽ ഗേറ്റ്സ് കുറിച്ചു.
ഹാർവഡ് കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായിരിക്കെയാണ് വില്യം ഹെന്റി ഗേറ്റ്സ് എന്ന ഇപ്പോഴത്തെ ബിൽ ഗേറ്റ്സ് റെസ്യൂമെ തയാറാക്കിയത്. ഓപറേറ്റിങ് സിസ്റ്റംസ് സ്ട്രക്ചർ, ഡാറ്റ ബേസ് മാനേജ്മെന്റ്, കംപ്യൂട്ടർ ഗ്രാഫിക്സ് തുടങ്ങിയ കോഴ്സുകളാണ് ബിൽ ഗേറ്റ്സ് പഠിച്ചുകൊണ്ടിരുന്നത്.
ബിൽ ഗേറ്റ്സിന്റെ റെസ്യൂമെ മികച്ച ഒന്നാണെന്നും അത്പങ്കുവെച്ചതിന് വളരെ നന്ദിയുണ്ടെന്നുമാണ് പലരും പ്രതികരിച്ചത്. 48 വർഷം പഴക്കമുള്ള എന്നാൽ ഇപ്പോഴും പ്രസക്തിയുള്ള ഒന്നെന്നാണ് ഒരു യൂസർ കമന്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.