ജറൂസലം: രാജ്യത്തെ സുപ്രീംകോടതിയിലെ അടക്കം ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ നേതാക്കൾക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ ഇസ്രായേലിൽ വൻ പ്രക്ഷോഭം. 90,000ലധികം പേരാണ് തിങ്കളാഴ്ച ഇസ്രായേലി പാർലമെന്റായ നെസറ്റ് ബിൽ പരിഗണിക്കുന്നതിനിടെ പ്രക്ഷോഭം നടത്തിയത്.
ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കുന്ന ബില്ലിലൂടെ രാജ്യത്ത് ജനാധിപത്യത്തിന്റെ അന്ത്യംകുറിക്കുമെന്ന് പ്രക്ഷോഭകർ പറഞ്ഞു. ബില്ലിനെതിരെ പ്രതിപക്ഷവും രൂക്ഷവിമർശമാണ് ഉയർത്തുന്നത്. 2022 ഡിസംബറിൽ അധികാരത്തിലെത്തിയ ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാറാണ് ജഡ്ജി നിയമനം അടക്കം അധികാരങ്ങൾ ഭരണകർത്താക്കളിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്.
നെതന്യാഹുവിനെതിരെ അടക്കം അഴിമതി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കുന്ന ബിൽ അവതരിപ്പിക്കുന്നത്. നെതന്യാഹു സർക്കാർ തീരുമാനത്തിനെതിരെ ആഴ്ചകളായി ഇസ്രായേലിൽ പ്രക്ഷോഭം രൂക്ഷമാണ്. ബിൽ അവതരണം നീട്ടിവെക്കണമെന്ന് നെതന്യാഹുവിനോട് പ്രസിഡന്റ് ഐസക് ഹെർസോഗ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ബിൽ പാർലമെന്റ് പാസാക്കിയാൽ ഇസ്രായേലിൽ ജുഡീഷ്യറി സർക്കാറിന്റെ കളിപ്പാവയാകുമെന്നും രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നുമാണ് പ്രതിപക്ഷവും പ്രക്ഷോഭകരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.