ഗസ്സ: പിഞ്ചുകുട്ടികളെയടക്കം നെഞ്ചിൽ വെടിയുതിർത്ത് കൊന്ന ശേഷം മൃതദേഹങ്ങൾ മോഷ്ടിച്ച് ഇസ്രായേലിലേക്ക് കൊണ്ടുപോകുന്ന ഇസ്രായേലി അധിനിവേശ സേനയുടെ കൊടുംക്രൂരതകൾ നേരത്തെ വാർത്തയായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഗസ്സയിലെ ഖാൻ യൂനിസിൽനിന്ന് പുറത്തുവരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ്. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് കരേം ശാലോം അതിർത്തി ക്രോസിങ് വഴി ഗസ്സയിലെ ഖാൻ യൂനിസിലേക്ക് ഒരു കാർഗോ കണ്ടെയ്നർ ലോറി വന്നു. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ എത്തിച്ച ആ വണ്ടിയിൽ നീല പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ജീവനറ്റ 89 മനുഷ്യശരീരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജീർണിച്ച് വികൃതമായ ഈ മൃതദേഹങ്ങളിൽ ഒന്നു പോലും ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നു. ജീവനോടെ ഗസ്സയിൽ നിന്ന് പിടിച്ചുകൊണ്ടുപോയി കൊലപെപടുത്തിയതോ, കൊന്ന ശേഷം തട്ടിക്കൊണ്ടുപോയ മൃതദേഹങ്ങളോ ആയിരിക്കാം ഇവ. എന്നാൽ, മുഖംപോലും വികൃതമാക്കപ്പെട്ട ഈ മനുഷ്യ ശരീരങ്ങളെ ഒരുനിലക്കും തിരിച്ചറിയാൻ ആർക്കും കഴിയുന്നുണ്ടായിരുന്നില്ല.
ഗസ്സയിലെ ഇൻറർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിനെയും (ഐ.സി.ആർ.സി) ഫലസ്തീൻ സിവിൽ ഡിഫൻസിനെയുമാണ് ഇസ്രായേൽ സേന ഈ മൃതദേഹങ്ങൾ ഏൽപിച്ചത്. സംസ്‌കാരത്തിന് മുമ്പ് ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ എത്തിച്ചപ്പോൾ നെഞ്ചുലക്കുന്ന കാഴ്ചയായിരുന്നു. യുദ്ധത്തിനിടെ കാണാതായ തങ്ങളുടെ മക്കളോ മാതാപിതാക്കളോ സഹോദരങ്ങളോ ഈ നീല പ്ലാസ്റ്റിക് പൊതിക്കുള്ളിൽ ഉണ്ടോ എന്നറിയാൻ പ്രായമായ അമ്മമാരടക്കമുള്ളവർ ഓരോ കവറും വകഞ്ഞ് മാറ്റി. എന്നാൽ, തിരിച്ചറിയാൻ കഴിയാത്ത മുഖങ്ങൾ കണ്ട് കണ്ണുപൊത്തി വിങ്ങികെകാണ്ട് അവർ മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു
കാണാതായ മകനെയും പിതാവിനെയും കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെത്തിയ സോണിയ അബൂർജില എന്ന ഫലസ്തീനിയൻ യുവതിയുടെ സങ്കടം കണ്ടുനിന്നവരുടെയും ഉള്ളുലച്ചു. ‘ബാക്കിയുള്ളവർക്കെല്ലാം അവരുടെ മരിച്ചുപോയ കുടുംബക്കാരുടെ മയ്യിത്ത് ലഭിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എന്റെ മകന്റെയും ഉപ്പയുടെയും മയ്യിത്ത് മാത്രം കാണുന്നില്ല. മകൻ കൊല്ലപ്പെടുന്നത് തന്നെ സഹിക്കാനാവില്ല. എന്നാൽ, മരിച്ചിട്ട് അവന്റെ മയ്യിത്ത് കാണാൻ പോലും കഴിയാതിരിക്കുക എന്നതിനേക്കാൾ സങ്കടകരമായ മറ്റെന്താണുള്ളത്?. എന്റെ മകനോ പിതാവോ എവിടെയാണെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല... സിവിൽ ഡിഫൻസിൽ ജോലി ചെയ്യുന്ന എല്ലാവരോടും മകനെ കുറിച്ച് ഞാൻ അന്വേഷിക്കാറുണ്ട്. മൃതദേഹങ്ങൾ എവിടെയുണ്ടോ, അവിടെ ഞാൻ ഞാൻ തിരയാൻ പോകാറുണ്ട്’ -അവർ പറഞ്ഞു.
തിരിച്ചറിയാനാവാത്ത നിലയിൽ ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഇസ്രായേലിൽ നിന്ന് ഗസ്സയിലേക്ക് കൊണ്ടുവരുന്നത് ഇത് നാലാം തവണയാണ്. ആശുപത്രികളെല്ലാം തകർത്തതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള അവസാന ആശ്രയമായ ഡി.എൻ.എ ടെസ്റ്റിനുള്ള സംവിധാനം പോലും ഇപ്പോൾ ഗസ്സയിൽ ലഭ്യമല്ല. ഇതേത്തുടർന്ന് ഖാൻ യൂനിസ് തുർക്കി സെമിത്തേരിയിൽ ബുൾഡോസർ ഉപയോഗിച്ച് കൂട്ടക്കുഴിമാടം ഒരുക്കി ഈ മൃതദേഹങ്ങളെല്ലാം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.