ബ്രസീലിയ: ആമസോൺ മഴക്കാടുകളെ സംരക്ഷിക്കാൻ 100 കോടി ഡോളർ അന്താരാഷ്ട്ര ഫണ്ട് പുനസ്ഥാപിക്കണമെന്ന് ബ്രസീൽ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യം വ്യാപകമായ വനനശീകരണം അഭിമുഖീകരിക്കുന്നതിനിടയിലാണ് കോടതിയുടെ പ്രസ്താവന.
2019 ൽ ജെയർ ബോൾസോനാരോ സർക്കാർ മരവിപ്പിച്ച ഫണ്ട് വീണ്ടും സജീവമാക്കാനുള്ള നടപടികൾ 60 ദിവസത്തിനുള്ളിൽ സർക്കാർ തുടങ്ങണം. 11 അംഗ കോടതിയിലെ ഏഴ് ജഡ്ജിമാർ മുൻ മാതൃക പുനഃസ്ഥാപിക്കണമെന്ന് അറിയിച്ചു.
സുസ്ഥിര പദ്ധതികൾക്ക് ധനസഹായം നൽകാനും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലെ വനനശീകരണം കുറയ്ക്കുന്നതിനുമായി 2008 നും 2018 നും ഇടയിൽ നോർവേ സർക്കാർ 1.2 കോടി ഡോളർ ഫണ്ടിലേക്ക് നൽകി. 68 കോടി ഡോളറിലധികം ജർമ്മനിയും സംഭാവന നൽകിയിരുന്നു.
2019 ൽ ബോൾസോനാരോ അധികാരമേറ്റതിന് ശേഷം ആമസോണിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ദുർബലപ്പെടുത്തിയതിനാണ് ഫണ്ട് മരവിപ്പിച്ചത്. ദാരിദ്ര്യം കുറയ്ക്കുന്നതിന് മേഖലയിൽ വാണിജ്യ കൃഷിയും ഖനനവും ആവശ്യമാണെന്ന് അന്ന് ബോൾസോനാരോ വാദിച്ചിരുന്നു.
അതേ സമയം കോടതി ഉത്തരവിനോട് സർക്കാർ ഉടൻ പ്രതികരിച്ചില്ല. നവംബർ മൂന്നിന് കേസിൽ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.