12നും 15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്സിൻ സുരക്ഷിതമാണെന്ന് ബ്രിട്ടനിലെ മെഡിസിൻ റെഗുലേറ്ററി ഏജൻസി അറിയിച്ചു. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് (എം.എച്ച്.ആർ.എ) രണ്ട് ഡോസ് വാക്സിനും എടുക്കാൻ അംഗീകാരം നൽകിയത്.
സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയുടെ മാനദണ്ഡങ്ങൾ വാക്സിൻ പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരത്തെ യൂറോപ്യൻ യൂനിയനും അമേരിക്കയും വാക്സിൻ ഈ പ്രായക്കാരിൽ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. ബ്രിട്ടനിലെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച സർക്കാർ സമിതിയാണ് ഇനി ഇവർക്ക് വാക്സിൻ നൽകണോ, എപ്പോൾ നൽകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക.
'12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങൾ ഞങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും സാധിക്കുന്നുണ്ട്' -എം.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജൂൺ റെയിൻ പറഞ്ഞു.
അതേസമയം, 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക് ഫൈസർ കോവിഡ് വാക്സിൻ കുത്തിവെപ്പിന് നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ അംഗങ്ങൾ ഈ മാസം മുതൽ 12-15 വയസ്സുകരിൽ വാക്സിനേഷൻ തുടങ്ങും. അമേരിക്കയിൽ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നത് ആരംഭിച്ചിട്ടുണ്ട്.
ഡിസംബറിൽ മാസ് ഇമ്യൂണൈസേഷൻ ഡ്രൈവ് ആരംഭിച്ച രാജ്യമാണ് ബ്രിട്ടൻ. മുതിർന്നവരിൽ പകുതിയിലധികം പേർക്കും ഇപ്പോൾ രണ്ട് ഡോസ് കുത്തിവെപ്പുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ 75 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചു. പ്രധാനമായും ഫൈസർ അല്ലെങ്കിൽ അസ്ട്രസെനെക്കയാണ് എല്ലാവരും എടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.