ബ്രിട്ടീഷ് പ്രധാനമന്ത്രി പോരാട്ടം: ഋഷി സുനക് മുന്നിൽ

ല​ണ്ട​ൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തിൽ മുൻ ചാൻസ്‍ലറും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ. ആദ്യ ഘട്ട വോട്ടിങ്ങിൽ 88 കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ നേടിയാണ് സുനക് മുന്നിലെത്തിയത്. ഇതോടെ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി നേ​തൃ​പ​ദം വി​ട്ട ബോ​റി​സ് ജോ​ൺ​സ​ന്റെ പി​ൻ​ഗാ​മി​യാ​യി ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സര രംഗത്ത് ആറു പേർ മാത്രമാണുണ്ടാവുക.

വാണിജ്യ സഹ മന്ത്രി പെന്നി മൊർഡോണ്ട് 67, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 50, മുൻ മന്ത്രി കെമി ബാ​ദി​നോ​ച് 40, ടോം ടു​ഗെ​ൻ​ഡാ​റ്റ് 37, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സുവേല ബ്രേവർമാൻ 32 വോട്ടും നേടി. 25 വോട്ട് നേടിയ പുതുതായി നിയമിതനായ ചാൻസലർ നാദിം സഹാവി, 18 ​വോട്ട് നേടിയ മുൻ ക്യാബിനറ്റ് മന്ത്രി ജെറമി ഹണ്ട് എന്നിവരാണ് മത്സരരംഗത്തുനിന്ന് പുറത്തായത്. രണ്ടാംഘട്ടത്തിലേക്ക് പോകാൻ 30 എം.പിമാരുടെ പിന്തുണയാണ് വേണ്ടിരുന്നത്. 358 കൺസർവേറ്റീവ് എം.പിമാർ പ​ങ്കെടുക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്.

രണ്ട് പേർ മാത്രം മത്സരരംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായാണ് എം.പിമാർക്ക് ഇടയിൽ വോട്ടെടുപ്പ് നടക്കുക. ജൂലൈ 21ന് ദീർഘ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ പ്രധാനമന്ത്രിയെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. നേരത്തെ തന്നെ ഇന്ത്യൻ വംശജനായ ​ഋഷി സുനകിന് പ്രധാനമന്ത്രി സാധ്യത പ്രവചിച്ചിരുന്നു. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം രാജിവെച്ചത് ധനമന്ത്രിയായിരുന്ന ഋഷി സുനക് ആയിരുന്നു. പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഋഷി സുനക്.

ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായി ബ്രിട്ടനിലെ സതാംപ്ടണിൽ ആണ് സുനക് ജനിച്ചത്. ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ വിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. 2015ലാണ് ഋഷി സുനക് ആദ്യമായി എം.പിയായത്. യോർക്ക്ഷയറിലെ റിച്ച്മണ്ടിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രെക്സിറ്റിനെ പിന്തുണച്ച പ്രധാന നേതാവായിരുന്നു.

Tags:    
News Summary - British Prime Minister Battle: Rishi Sunak Leads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.