വാഷിങ്ടൺ: ഫൈസർ, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകൾ പുരുഷ പ്രത്യുൽപ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പഠനം. എം.ആർ.എൻ.എ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഈ വാക്സിനുകൾ എടുത്തവരിൽ ബീജത്തിൻെറ അളവ് ആരോഗ്യകരമായ നിലയിലാണെന്ന് പഠനം സൂചിപ്പിക്കുന്നു.
18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള 45 പേരിലാണ് പഠനം നടത്തിയതെന്ന് ജെ.എ.എം.എ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവർക്ക് പ്രത്യുൽപ്പാദനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്ന് ആദ്യംതന്നെ ഉറപ്പാക്കി.
വാക്സിൻെറ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഇവരിൽനിന്ന് ബീജം ശേഖരിച്ചു. രണ്ടാമത്തെ ഡോസ് ലഭിച്ച് 70 ദിവസത്തിന് ശേഷമാണ് വീണ്ടും ബീജം ശേഖരിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പരിശീലനം ലഭിച്ച ആൻഡ്രോളജിസ്റ്റുകളാണ് ഇവ വിശകലനം നടത്തിയത്. ബീജത്തിൻെറ അളവ്, ശുക്ല സാന്ദ്രത, ശുക്ല ചലനം, ആകെ ചലിക്കുന്ന ശുക്ലങ്ങളുടെ എണ്ണം എന്നിവ വിശകലനം ചെയ്തു.
വാക്സിൻ എടുക്കുന്നതിന് പലരും വിമുഖത കാണിക്കാനുള്ള ഒരു കാരണം പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കുമോയെന്ന ആശങ്കയാണെന്നും എന്നാൽ, പഠനത്തിൽ അത്തരത്തിലുള്ള പ്രശ്നമൊന്നും കണ്ടില്ലെന്നും മിയാമി സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ പറഞ്ഞു. വാക്‌സിനു മുമ്പും ശേഷവുമുള്ള ബീജത്തിൻെറ അളവുകളെ കുറിച്ചുള്ള പഠനത്തിൽ, ആരോഗ്യമുള്ള പുരുഷന്മാരിൽ കാര്യമായ മാറ്റമൊന്നുമില്ലെന്ന് ഗവേഷകർ കണ്ടെത്തി.
വാക്സിൻ എടുക്കുന്നതിന് മുമ്പ് ബീജങ്ങളുടെ സാന്ദ്രതയും മൊത്തം ചലിക്കുന്ന ശുക്ലത്തിൻെറ എണ്ണവും യഥാക്രമം 26 ദശലക്ഷം മില്യൺ/മില്ലിലിറ്ററും 36 ദശലക്ഷം മില്യണുമായിരുന്നു. രണ്ടാമത്തെ വാക്സിൻ ഡോസിന് ശേഷം, ശരാശരി ബീജങ്ങളുടെ സാന്ദ്രത 30 മില്യൺ/മില്ലിലിറ്ററും മൊത്തം ചലിക്കുന്ന ശുക്ലത്തിൻെറ എണ്ണം 44 മില്യണുമായും വർധിച്ചു.
ബീജത്തിൻെറ അളവും ശുക്ല ചലനവും ഗണ്യമായി വർധിച്ചുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു. വാക്സിനുകളിൽ ജീവനുള്ള വൈറുസകളല്ല, എം.ആർ.എൻ.എയാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ബീജത്തിൻെറ വർധനവിനെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. അതേസമയം, വളരെ കുറച്ചുപേരിലാണ് വിശകലനം നടത്തിയിട്ടുള്ളതെന്ന് ഈ പഠനത്തിൻെറ പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.