ടൊറന്റോ: ഖാലിസ്താൻ തീവ്രവാദികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കാനഡയിൽ ലഭിക്കുന്ന അനുകൂല സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്തോ-കനേഡിയൻ സമൂഹത്തിലെ പ്രമുഖ നേതാവ്. അക്രമം നടത്താനും തങ്ങളുടെ അക്രമാത്മക അജണ്ടകളെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനും കാനഡയിലെ അന്തരീക്ഷം ഖാലിസ്താൻ തീവ്രവാദികളെ സഹായിക്കുന്നുവെന്നും കാനഡ ഇന്ത്യ ഫൗണ്ടേഷൻ ദേശീയ കൺവീനർ ഋതേഷ് മാലിക് പറഞ്ഞു.
ഖാലിസ്താൻ അനുകൂല വിഘടനവാദിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഹ്രസ്വകാല നേട്ടങ്ങൾക്കായുള്ള രാഷ്ട്രീയപ്രീണനം കാനഡയുടെ ഭാവിക്ക് ഗുണകരമല്ലെന്ന് മാലിക് മുന്നറിയിപ്പ് നൽകി. അങ്ങേയറ്റം തീവ്രമായ ഒരു പ്രത്യയശാസ്ത്രത്തിൽ സമാധാനകാംക്ഷികളായ കാനഡക്കാർ വിശ്വസിക്കുന്നില്ല. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ കാനഡയുടെ ഭാഗമല്ല. ഖാലിസ്താൻ തീവ്രവാദികൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും സാമുദായിക ഐക്യം തകർക്കുകയുമാണ് ചെയ്യുന്നത്. അക്രമ അജണ്ട പിന്തുടരുന്ന ഇവർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുകയുമാണ് ചെയ്യുന്നത്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതായിരിക്കണം. ദൗർഭാഗ്യവശാൽ, ഖാലിസ്താൻ തീവ്രവാദികൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും എതിർക്കുന്നവരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന ഒരന്തരീക്ഷമാണ് കാനഡയിൽ രൂപപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.