ഓട്ടവ: കാനഡയിലെ ഹിന്ദുക്കളെ ലക്ഷ്യമിട്ട് നിരന്തരം നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കാനഡയിലെ ഇന്ത്യൻ വംശജനായ പാർലമെന്റേറിയൻ ചന്ദ്ര ആര്യ ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സർക്കാരിനോട് ആവശ്യപ്പെട്ടു. ചില ഖലിസ്ഥാനി അനുയായികൾ ഗുരുദ്വാരക്ക് പുറത്ത് സിഖ് കുടുംബത്തെ അസഭ്യം പറഞ്ഞതിന് നവംബർ 26 ന് സറേയിലെ ഹിന്ദു ലക്ഷ്മി നാരായൺ ക്ഷേത്രത്തിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഖലിസ്ഥാനി സംഘം ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ചന്ദ്ര ആര്യയുടെ പ്രസ്താവന.
കാനഡയിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നു. ഈ കാര്യങ്ങൾ പരസ്യമായി ചെയ്യാൻ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല.-അദ്ദേഹം കൂട്ടിച്ചേർത്തു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ സറേയിലെ ഗുരുദ്വാരക്ക് പുറത്ത് കൊല്ലപ്പെട്ട് അഞ്ച് മാസങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് വർഗീയ സംഘർഷം ഇപ്പോഴും നിലനിൽക്കുന്നു. ജൂൺ 18 നാണ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. കൊലപാതകം കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും മിഷനുകൾക്കുമെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്ററുകളും ജൂലൈയിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.