ആമിറ എൽഘവാബി

ഒട്ടാവ: രാജ്യത്തെ ഇസ്‌ലാമോഫോബിയ ചെറുക്കാൻ പ്രത്യേക പ്രതിനിധിയെ നിയമിക്കാൻ കാനഡ. രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ സമീപകാലത്തുണ്ടായ നിരവധി ആക്രമണങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു പദവി സൃഷ്ടിച്ചത്.

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ആമിറ എൽഘവാബിയാണ് കാനഡയിലെ ആദ്യ ഇസ്‌ലാമോഫോബിയക്കെതിരായ ഉപദേഷ്ടാവായി നിയമിക്കുന്നത്. ഇസ്‌ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവക്കെതിരായ പോരാട്ടത്തിൽ സർക്കാറിന്‍റെ ശ്രമങ്ങളെ മെച്ചപ്പെടുത്തുകയാണ് ആമിറയുടെ ദൗത്യം.

സജീവ മനുഷ്യാവകാശ പ്രചാരകനായ ആമിറ കനേഡിയൻ റേസ് റിലേഷൻസ് ഫൗണ്ടേഷന്റെ കമ്മ്യൂണിക്കേഷൻസ് ഹെഡും, ടൊറന്റോ സ്റ്റാർ പത്രത്തിന്റെ കോളമിസ്റ്റുമാണ്. സി.ബി.സിയിൽ ഒരു ദശാബ്ദത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്.

ഇസ്‌ലാമോഫോബിയക്കും അതിന്റെ എല്ലാ രൂപത്തിലുള്ള വിദ്വേഷത്തിനും എതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. നാനാത്വം കാനഡയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി, കാനഡയിലെ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് മാരകമായ ആക്രമണങ്ങളുടെ പരമ്പര നടന്നിട്ടുണ്ട്. 2021 ജൂണിൽ, ലണ്ടനിലെ ഒന്റാറിയോയിൽ ട്രക്ക് ഓടിച്ച് കയറ്റി മുസ്‌ലിം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയിരുന്നു. നാല് വർഷം മുമ്പ്, ക്യൂബെക് സിറ്റിയിലെ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മുസ്‌ലിംകൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സമീപകാല ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ പട്ടികപ്പെടുത്തി ‘നമ്മൾ ഒരിക്കലും മറക്കരുത്’ എന്ന് ആമിറ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Canada names first special representative to combat Islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.