ഒട്ടാവ: നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതുമായ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കാനഡ. കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ പുതുക്കുന്നത്. കാനഡക്കെതിരായ വികാരമുയർത്താനും പ്രതിഷേധിക്കാനുമുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതിനിടെ, ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫിസിന് മുൻപിൽ ബാരിക്കേഡ് നിരത്തി. ടൊറന്‍റോയിലെയും വാൻകൂവറിലെയും ഇന്ത്യൻ കോൺസുലേറ്റുകൾക്കും സുരക്ഷ കൂട്ടി. കാനഡയിലെ പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യന്‍ എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.
ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച ഖാലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനക്കുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയുടെ ആരോപണം അസംബന്ധവും പരപ്രേരിതവുമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് തിരിച്ചടിയായി മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കൂടാതെ കാനഡയിൽനിന്നുള്ളവർക്ക് വിസ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കാനഡയുടെ മണ്ണിൽ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ശക്തികളെ അമർച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.