ലണ്ടൻ: ഏഷ്യ മുതൽ ലാറ്റിനമേരിക്ക വരെ പടർന്നുകിടക്കുന്ന നൂറുകണക്കിന് രാഷ്ട്രീയനേതാക്കൾ, മുൻ ഭരണാധികാരികൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ രഹസ്യനിക്ഷേപങ്ങളുടെ നിധികുംഭം തുറന്ന് പുതിയ വെളിപ്പെടുത്തൽ. 117 രാജ്യങ്ങളിലെ 600ലേറെ അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ, പാൻഡോറ രേഖകൾ എന്ന പേരിൽ പുറത്തുവിട്ട സ്വകാര്യ വിവരശേഖരങ്ങളിലാണ് നിരവധി രാജ്യങ്ങളിലെയും പ്രമുഖർ നികുതി വെട്ടിച്ച് നടത്തിയ രഹസ്യനിക്ഷേപങ്ങളുടെ കാണാലോകം തുറക്കുന്നത്.
ജോർഡൻ രാജാവ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ, അസർബൈജാൻ രാജകുടുംബം, ചെക്ക് പ്രധാനമന്ത്രി, കെനിയൻ പ്രസിഡൻറ് എന്നിവരടക്കം 90 രാജ്യങ്ങളിലെ 330 രാഷ്ട്രീയനേതാക്കളോ അവരുടെ അടുപ്പക്കാരോ വിദേശത്തെ 'നികുതിസ്വർഗ'ങ്ങളിൽ രഹസ്യ കമ്പനികൾ സ്ഥാപിച്ച് അവയിൽ നിക്ഷേപങ്ങൾ നടത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിൽനിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലുള്ള വ്യവസായി അനിൽ അംബാനി, 14,000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ തുടങ്ങിയവർക്കെതിരെയും സംശയമുന ചെന്നുതൊടുന്നു.
സ്വിറ്റ്സർലൻഡ്, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, കാലിഫോർണിയ എന്നിവിടങ്ങളിൽ ജോർഡൻ രാജാവ് ആസ്തികൾ സ്വന്തമാക്കിയെന്നാണ് ആരോപണങ്ങളിലൊന്ന്. െചക്ക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ് ഫ്രഞ്ച് റിവിയേരയിൽ ആഡംബര എസ്റ്റേറ്റ് സ്വന്തമാക്കിയതും അസർബൈജാനിൽ ഭരണം നിയന്ത്രിക്കുന്ന അലിയേവ് കുടുംബം 54 കോടി ഡോളർ മൂല്യമുള്ള ഇടപാടുകൾ ബ്രിട്ടനിൽ നടത്തിയതും വെളിപ്പെടുത്തലുകളിൽ ചിലത്.
പാകിസ്താനിൽ ഇംറാൻ ഖാൻ മന്ത്രിസഭയിലെ പ്രമുഖനായ ചൗധരി മൂനിസ് ഇലാഹി, സൈനിക മേധാവികൾ ഉൾപ്പെടെ 700 പേരാണ് പാൻഡോറ രേഖകളിൽ ഇടംപിടിച്ചത്. ഗായിക ഷാകിറ, മോഡൽ േക്ലാഡിയ ഷിഫർ തുടങ്ങിയവരുമുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയർ, സൈപ്രസ് പ്രസിഡൻറ് നികൊസ് അനസ്റ്റാസിയാഡെസ്, യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി തുടങ്ങിയവരെയും കാത്തിരിക്കുന്നത് മാധ്യമവിചാരണകൾ.
ഒളിനിക്ഷേപങ്ങൾ 840 ലക്ഷം കോടി
ലണ്ടൻ: 11.3 ലക്ഷം കോടി ഡോളർ (ഏകദേശം 840 ലക്ഷം കോടി രൂപ) എങ്കിലും വിദേശ സ്വർഗങ്ങളിൽ നികുതിവെട്ടിച്ച് നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് 2020ൽ പാരിസ് ആസ്ഥാനമായുള്ള സാമ്പത്തിക സഹകരണ, വികസന സംഘടന (ഒ.ഇ.സി.ഡി) റിപ്പോർട്ട് ചെയ്തിരുന്നു. നികുതി അടച്ച് അതത് രാജ്യങ്ങളിൽ ഉപയോഗിക്കപ്പെേടണ്ട പണമാണ് ആരോരുമറിയാതിരിക്കാൻ നികുതിയില്ലാ രാജ്യങ്ങളിലെത്തിച്ച് നിക്ഷേപമാക്കി മാറ്റുന്നത്. 2016ൽ പുറത്തെത്തിയ പാനമ രേഖകളിലേതിനേക്കാൾ വലിയ നിക്ഷേപങ്ങളുടെ കണക്കുകളാണ് പുതിയ രേഖകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.