ബെയ്ജിങ്: സീറോ-കോവിഡ് നയത്തെക്കുറിച്ച് ആഗോള വിമർശനങ്ങൾ ഉയരുന്നതിനിടെ ന്യായീകരണവുമായി ചൈന. ആരോഗ്യരംഗത്തെ വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് സീറോ-കോവിഡ് നയത്തിന്‍റെ ചട്ടങ്ങൾ രൂപീകരിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
ഈ നയങ്ങളെല്ലാം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശതത്വങ്ങളോട് ചേർന്നു നിൽക്കുന്നതാണെന്നും ഷാവോ കൂട്ടിച്ചേർത്തു. വ്യാപകമാരകശേഷിയുള്ള കോവിഡിന്റെ ബി.എ ടു വകഭേദം കണ്ടെത്തിയതിനെതുടർന്നാണ് ചൈനയിൽ സീറോ-കോവിഡ് നയങ്ങൾ നടപ്പാക്കിയത്.
ചൈനയിലെ ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിന് സീറോ കോവിഡ് നയം അത്യന്താപേക്ഷിതമാണെന്നും ഈ നയങ്ങളുടെ മാർഗ്ഗനിർദ്ദേശം ഉചിതമാണെന്ന് വസ്തുതകൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഈ ലോക്ക്ഡൗൺ പല കമ്പനികൾക്കും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചൈനയിലെ യൂറോപ്യൻ യൂനിയൻ ചേംബർ ഓഫ് കൊമേഴ്‌സ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ലോക്ക്ഡൗൺ കാരണമുള്ള ഒറ്റപ്പെടൽ സഹിക്കാനാകാതെ അപാർട്ട്മെന്‍റിൽ നിന്ന് അലറിവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.