കൊളംബോ: ഇന്ത്യയും അമേരിക്കയും ഉയർത്തിയ സുരക്ഷ ആശങ്കകൾക്കിടെ ചൈനയുടെ ഗവേഷണ കപ്പൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നങ്കൂരമിട്ടു. ‘ഷി യാൻ -6’ എന്ന കപ്പലിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ശേഖരിക്കാനും മറ്റുമാണ് ഇവിടെ നങ്കൂരമിട്ടതെന്ന് ശ്രീലങ്ക വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആശങ്കകൾ പരിഗണിച്ച് കപ്പലിന് തുറമുഖത്തടുക്കാനുള്ള അനുമതി ശ്രീലങ്ക വൈകിക്കുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കപ്പൽ എത്ര ദിവസം ഇവിടെ തങ്ങുമെന്നത് വ്യക്തമല്ല.
കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്ക പ്രസിഡന്റ് റനിൽ വിക്രമസിംഗെ ചൈന സന്ദർശിച്ചത്. ‘ഷി യാൻ-6’ കൊളംബോയിലെത്തുന്നതിൽ അമേരിക്ക നേരത്തേ ആശങ്ക അറിയിച്ചിരുന്നു. ന്യൂയോർക്കിൽ യു.എൻ പൊതുസഭ നടക്കുന്നതിനിടെ, യു.എസ് അണ്ടർ സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡ് ശ്രീലങ്ക വിദേശകാര്യ മന്ത്രി അലി സാബ്രിയെ കണ്ടാണ് വിഷയം ഉന്നയിച്ചത്.
ചൈന തങ്ങളുടെ ഗവേഷണ-നിരീക്ഷണ കപ്പലുകൾ ശ്രീലങ്കയിലേക്ക് അയക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
ആഗസ്റ്റിൽ ചൈനീസ് നാവികസേനയുടെ യുദ്ധക്കപ്പൽ രണ്ടു ദിവസം ശ്രീലങ്കൻ തീരത്തുണ്ടായിരുന്നു. കടംകൊണ്ട് പൊറുതിമുട്ടിയ ശ്രീലങ്ക ഇന്ത്യയെയും ചൈനയെയും തുല്യ പ്രാധാന്യത്തിൽ കാണുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.