ബെയ്ജിംഗ്: തങ്ങളുടെ ഹൈടെക് ഗവേഷണ കപ്പലിന്റെ പ്രവർത്തനങ്ങൾ ഒരു രാജ്യത്തിന്റെയും സുരക്ഷയെ ബാധിക്കില്ലെന്നും ഒരു മൂന്നാം കക്ഷിയും തടസം ഉണ്ടാക്കരുതെന്നും ചൈന. യുവാൻ വാങ്-5 കപ്പലിന്റെ സമുദ്ര ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര ആചാരാനുഷ്ഠാനങ്ങൾക്കും അനുസൃതമാണെന്നും ചൈന പറഞ്ഞു. രണ്ടായിരത്തിലധികം ജീവനക്കാരുള്ള കപ്പലിൽ ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈലുകളും ട്രാക്കുചെയ്യാനുള്ള വിപുലമായ സൗകര്യങ്ങളുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നു.
ശ്രീലങ്കയുടെ ഭാഗത്തുനിന്നുള്ള സജീവമായ സഹകരണത്തോടെ യുവാൻ വാങ് -5 എന്ന കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് വിജയകരമായി നിലയുറപ്പിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. യുവാൻ വാങ് -5 കഴിഞ്ഞയാഴ്ച തുറമുഖത്ത് നിർത്തിയിടുന്നതിന് അനുമതി ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗിൽ ഇന്ത്യയും യു.എസും ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് കപ്പലിന്റെ വരവ് വൈകിപ്പിക്കാൻ ചൈനീസ് സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ട ശ്രീലങ്കൻ സർക്കാർ ഒടുവിൽ ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് തുറമുഖ പ്രവേശനം അനുവദിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സൈനിക കപ്പലുകളെ ഇന്ത്യ നിരന്തരമായി വീക്ഷിക്കുകയും ശ്രീലങ്കയുമായി ഇത്തരം കാര്യങ്ങളിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2014ൽ ചൈനയുടെ ആണവ അന്തർവാഹിനിക്ക് കൊളംബോ അതിന്റെ ഒരു തുറമുഖത്ത് നിർത്തിയിടുന്നതിന് അനുമതി നൽകിയതോടെയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള തർക്കം തുടങ്ങുന്നത്. ചൈനീസ് ഗവേഷണ കപ്പലിന്റെ ആസൂത്രിത സന്ദർശനത്തിനെതിരെ ന്യൂഡൽഹി കൊളംബോയിൽ സമ്മർദ്ദം ചെലുത്തി എന്ന ചൈനയുടെ നിരീക്ഷണങ്ങൾ ഇന്ത്യ വെള്ളിയാഴ്ച നിരസിച്ചു. എന്നാൽ സുരക്ഷാ ആശങ്കകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.