വാഷിങ്ടൺ: തായ്വാൻ കടലിടുക്കിൽ ചൈന നടത്തുന്ന സൈനികാഭ്യാസം ഉടൻ അവസാനിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസും ആസ്ട്രേലിയയും ജപ്പാനും. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സംയുക്തപ്രസ്താവനയിൽ മൂന്ന് രാജ്യങ്ങളും അറിയിച്ചു.
യു.എസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് ശേഷം മേഖലയിൽ ചൈന വൻ തോതിൽ സൈനികവിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയൊഴികെ ക്വാഡ് രാജ്യങ്ങൾ പ്രസ്താവനയുമായി രംഗത്തെത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യമന്ത്രി ഹയാഷി യോഷിമാസ എന്നിവർ ചേർന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
കംബോഡിയൻ തലസ്ഥാനം നോം പെന്നിൽ നടന്ന 55-ാമത് ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തായ്വാൻ വിഷയത്തിൽ നടത്തുന്ന സൈനികാഭ്യാസമടക്കം അന്താരാഷ്ട്ര സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്ന പ്രവൃത്തികൾ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതിൽ മൂന്ന് രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ചൈന വിക്ഷേപിച്ച മിസൈലുകളിൽ അഞ്ചെണ്ണം ജപ്പാന്റെ സാമ്പത്തിക മേഖലയിൽ പതിച്ചതായും രാജ്യങ്ങൾ ആരോപിച്ചു.
തായ്വാനിൽ നടക്കുന്ന കാര്യങ്ങൾ മേഖലയെയാകെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ദക്ഷിണ ചൈനക്കടൽ പോലെ തന്നെ ഏറെ പ്രാധാന്യമുള്ള ജലപാതയായതിനാൽ തായ്വാൻ കടലിടുക്കിലെ നിലവിലെ സാഹചര്യം ലോകത്തെ മുഴുവനായി ബാധിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതേ സമയം ഏക ചൈന നയത്തിലും തായ്വാൻ വിഷയത്തിൽ മുമ്പ് സ്വീകരിച്ച നിലപാടുകളിലും മാറ്റമില്ലെന്നും യു.എസും ആസ്ട്രേലിയയും ജപ്പാനും വ്യക്തമാക്കി.
ബെയ്ജിങ്: യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് മറുപടിയായി തായ്വാന് സമീപം ചൈന നടത്തുന്ന സൈനികാഭ്യാസം നാലാം ദിനവും തുടർന്നു. ഭൂപ്രതലത്തിലൂടെയും വായുവിലൂടെയുമുള്ള ദീർഘദൂര പ്രഹരശേഷിയുടെ പരീക്ഷണമാണ് ഞായറാഴ്ച നടന്നതെന്ന് പീപ്ൾസ് ലിബറേഷൻ ആർമി അറിയിച്ചു. എന്നാൽ സൈനികാഭ്യാസം തുടരുമോയെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന തായ്വാൻ കടലിടുക്കിൽ ചൈനീസ് വിമാനങ്ങളുടെയും കപ്പലുകളുടെയും ഡ്രോണുകളുടെയും സാന്നിധ്യം വീണ്ടും ശ്രദ്ധയിൽപെട്ടതായി തായ്വാൻ അറിയിച്ചു. ചൈനീസ് സൈനികാഭ്യാസത്തിന് മറുപടിയായി തായ്വാൻ സൈന്യം ദക്ഷിണ പിങ്ടങ് കൗണ്ടിയിൽ ആയുധാഭ്യാസം നടത്തുമെന്ന് തായ്വാൻ ഔദ്യോഗിക വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു.
നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന വ്യാഴാഴ്ച മുതലാണ് തായ്വാൻ കടലിടുക്കിലും തായ്വാനോട് ചേർന്ന വ്യോമപരിധിയിലും സൈനികാഭ്യാസം ആരംഭിച്ചത്. പുതിയ സംഭവവികാസങ്ങളിൽ ജനാധിപത്യ തായ്വാന് പിന്തുണ നൽകണമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.