തായ് പേയ്: യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനു പിറകെ തായ്വാൻ ജലാതിർത്തിയിൽ ചൈന തുടങ്ങിയ സൈനികാഭ്യാസം വഴിമുടക്കിയത് ആഗോള ചരക്കുകപ്പലുകൾക്ക്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽപാതകളിലൊന്നിലാണ് ചൈനയുടെ യുദ്ധക്കപ്പലുകൾ ആയുധ പരിശീലനവുമായി എത്തിയത്. ഇതോടെ തായ്വാനിൽ നിന്നുള്ള സെമികണ്ടക്ടറുകളുടെയും ഇലക്ട്രോണിക് ഉൽപന്നങ്ങളുടെയും കടത്ത് മുടങ്ങി. തായ്വാനു ചുറ്റും ആറു മേഖലകളിലാണ് ചൈനയുടെ ആയുധ പരീക്ഷണം. വിദേശ കപ്പലുകൾ ഈ മേഖലയിൽ പ്രവേശിക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്വാനിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലേറെയും ഇവിടങ്ങളിലാണ്. ചൈന, തായ്വാൻ എന്നിവക്കു പുറമെ ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും സുപ്രധാനമായ കപ്പൽപാതയും ഇതുവഴിയാണ്. 18 ഓളം രാജ്യാന്തര റൂട്ടുകളെ ബാധിക്കുന്നതാണ് ചൈനയുടെ നടപടിയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് പറയുന്നു. ഇതുവഴി പോകേണ്ട നിരവധി കപ്പലുകൾ വഴിമാറിയാണ് പോകുന്നത്. ചൈനയിലെ ഏറ്റവും തിരക്കുപിടിച്ച ഷാങ്ഹായ് തുറമുഖത്തെയും വിലക്ക് ബാധിക്കും.
സമാനമായി, യുദ്ധവിമാനങ്ങൾ പ്രദേശത്ത് വട്ടമിട്ടുനിൽക്കുന്നത് യാത്ര വിമാന സർവിസുകളെയും ബാധിച്ചു. രണ്ടു ദിവസത്തിനിടെ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിൽനിന്നു മാത്രം 400 ലേറെ വിമാനങ്ങൾ യാത്ര റദ്ദാക്കി.
യു.എസ് ഉദ്യോഗസ്ഥരുടെ തായ്വാൻ സന്ദർശനം ചൈനക്ക് തടയാനാവില്ലെന്ന് പെലോസി
ടോക്യോ: യു.എസ് ഉദ്യോഗസ്ഥർ തായ്വാൻ സന്ദർശിക്കുന്നത് വിലക്കാൻ ചൈനക്കാകില്ലെന്ന് യു.എസ് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി. 'ലോകാരോഗ്യ സംഘടനയിൽ ചേരുന്നതുപോലും വിലക്കി തായ്വാനെ ഒറ്റപ്പെടുത്താനാണ് ചൈനയുടെ ശ്രമം. എന്നാൽ, അമേരിക്കൻ ഉദ്യോഗസ്ഥരുടെ യാത്ര മുടക്കാനാവില്ല''- പൊലോസി പറഞ്ഞു. കഴിഞ്ഞ ദിവസം തായ്വാൻ സന്ദർശിച്ചതിനു പിറകെ പൊലോസിക്കും കുടുംബത്തിനും ചൈന ഉപരോധം പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ എത്തുന്നതിനാണ് വിലക്ക്. കാലാവസ്ഥ, സൈനിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ യു.എസുമായി തുടരുന്ന ചർച്ചകളും അവസാനിപ്പിക്കുകയാണെന്ന് ചൈന വ്യക്തമാക്കി.
സ്വയംഭരണം തുടരുന്ന രാജ്യത്തെ വേണ്ടിവന്നാൽ ശക്തി പ്രയോഗിച്ച് തങ്ങളുടെ ഭാഗമാക്കുമെന്നാണ് ചൈനയുടെ ഭീഷണി.
ചൈന മിസൈൽ തൊടുത്തത് ജപ്പാൻ ദ്വീപിനരികെ
ടോക്യോ: കഴിഞ്ഞ ദിവസം ചൈന നടത്തിയ മിസൈൽ പരീക്ഷണത്തിൽ അഞ്ചെണ്ണം പതിച്ചത് ജപ്പാൻ ദ്വീപായ ഒകിനാവക്കു സമീപം. ജപ്പാൻ അധികാരപരിധിയിൽ വരുന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ മിസൈൽ വർഷിച്ചത് രാജ്യം പുതിയ പ്രതിരോധ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണെന്നതാണ് ശ്രദ്ധേയം. ചൈനയുടെ നീക്കം മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.
യൂറോപ്യൻ സ്ഥാനപതിമാരെ വിളിപ്പിച്ച് ചൈന
ബെയ്ജിങ്: തായ്വാനെ ഉപരോധ വലയിലാക്കി നടത്തുന്ന സൈനികാഭ്യാസത്തെ യൂറോപ്യൻ യൂനിയനും ഏഴു രാഷ്ട്ര സഖ്യവും വിമർശിച്ച സംഭവത്തിൽ യൂറോപ്യൻ നയതന്ത്ര പ്രതിനിധികളെ വിളിപ്പിച്ച് ചൈന. ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുകയാണെന്ന് വിദേശകാര്യ ഉപമന്ത്രി ഡെങ് ലി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.