ലാഹോർ: പാകിസ്താനിൽ വിശുദ്ധ ഖുർആനെ അവഹേളിച്ച ക്രിസ്ത്യൻ ദമ്പതികളെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഹർബൻസ്പുര സ്വദേശിയായ തൈമുർ നൽകിയ പരാതിയിലാണ് അറസ്റ്റ്. തൈമുർ വീടിന്റെ മേൽക്കൂരയിൽനിന്ന് പേപ്പറുകൾ വലിച്ചെറിയുന്നത് കാണുകയും അത് പരിശോധിച്ചപ്പോൾ ഖുർആനിൽ നിന്നുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തു.
തുടർന്ന് വീടിന്റെ മേൽക്കൂര പരിശോധിക്കുകയും വാട്ടർ ടാങ്കിന് സമീപം ബാഗിൽ ഖുർആന്റെ കൂടുതൽ പേജുകൾ കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പേജുകൾ ശേഖരിക്കുകയും വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിന് യുവതിക്കും ഭർത്താവിനുമെതിരെ മതനിന്ദ കേസെടുക്കുകയും ചെയ്തു. പാകിസ്താൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും എസ്.പി അവൈസ് ഷഫീഖ് പറഞ്ഞു.
ആഗസ്റ്റ് 16ന് ജറൻവാലയിൽ ക്രിസ്ത്യൻ സഹോദരങ്ങളുടെ വീടിന് സമീപം ഖുർആൻ പേജുകൾ കീറിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ജനക്കൂട്ടം ചർച്ചുകളും ക്രിസ്ത്യൻ വീടുകളും ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.