വാഷിങ്ടൺ: വെടിനിർത്തൽ, ബന്ദിമോചന ചർച്ച പുനരാരംഭിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) ഡയറക്ടർ വില്യം ബേൺസ് യൂറോപ്പിലേക്ക് തിരിക്കും. മൊസാദ് മേധാവി ഡേവിഡ് ബർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.
നേരത്തെ, മധ്യസ്ഥരായ ഖത്തറും ഈജിപ്തും തയ്യാറാക്കിയ വെടിനിർത്തൽ-ബന്ദിമോചന കരാർ രണ്ടാഴ്ച മുമ്പ് ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ, അമേരിക്കയും ഇസ്രയേലും ഈ നിർദേശം തള്ളിയതോടെ ചർച്ച വഴിമുട്ടി. ഇതിന് ശേഷമുള്ള ആദ്യ യോഗമാണ് വരുംദിവസങ്ങളിൽ ഖത്തർ പ്രധാനമന്ത്രിയുടെയും മൊസാദ്, സി.ഐ.എ മേധാവിമാരുടെയും നേതൃത്വത്തിൽ യൂറോപ്പിൽ നടക്കുന്നത്.
42 ദിവസം വീതമുള്ള മൂന്ന് ഘട്ട വെടിനിർത്തൽ കരാറായിരുന്നു മേയ് ആറിന് ഹമാസ് അംഗീകരിച്ചത്. ആദ്യഘട്ടത്തിൽ സിവിലിയൻമാരായ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കാനായിരുന്നു തീരുമാനം. ഓരോ ബന്ദിക്കും പകരം 30 ഫലസ്തീൻ തടവുകാരെയും ഓരോ ഇസ്രായേലി വനിതാ സൈനികർക്കും പകരം 50 പേരെയും ഇസ്രായേൽ മോചിപ്പിക്കണമെന്നായിരുന്നു നിബന്ധന.
കിഴക്കൻ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈനിക പിന്മാറ്റം, സഹായട്രക്കുകൾക്ക് തടസ്സമില്ലാത്ത പ്രവേശനം, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കൽ, ദിവസവും 10 മണിക്കൂർ ഇസ്രായേലി വിമാനങ്ങളും ഡ്രോണുകളും ഗസ്സക്ക് മുകളിലൂടെ പറക്കുന്നത് നിർത്തിവെക്കൽ, ഗസ്സ പുനർനിർമാണം ആരംഭിക്കൽ എന്നിവയായിരുന്നു ഈഘട്ടത്തിൽ നിർദേശിച്ചിരുന്നത്.
രണ്ടാം ഘട്ടത്തിൽ സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ച് ഗസ്സയിൽ നിന്ന് ഇസ്രായേൽ എന്നെന്നേക്കുമായി പിൻവാങ്ങണമെന്നായിരുന്നു നിബന്ധന. ബന്ദികളായ മുഴുവൻ ഇസ്രായേലി പുരുഷന്മാരെയും സൈനികരെയും കൈമാറുകയും പകരം മുഴുവൻ ഫലസ്തീൻ തടവുകാരെയും വിട്ടയക്കുകയും ചെയ്യും.
മൂന്നാം ഘട്ടത്തിൽ തടവിലിരിക്കെ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇരുപക്ഷവും കൈമാറാമെന്നും ഹമാസ് അംഗീകരിച്ച സന്ധിയിൽ പറഞ്ഞിരുന്നു. ഇതോടെ ഗസ്സ മുനമ്പിലെ ഉപരോധം പൂർണ്ണമായും അവസാനിപ്പിക്കണമെന്നായിരുന്നു മധ്യസ്ഥർ മുന്നോട്ടുവെച്ച കരാറിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇത് ഹമാസിന് അനുകൂലമാണെന്നും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് ഇസ്രായേൽ പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.