ഡമാസ്കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ യു.എസ് സേന നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുഞ്ഞുങ്ങളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. അത്മേ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിലാണ് യു.എസ് ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയത്. പ്രദേശത്തെ ഒരു കെട്ടിടം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അൽഖാഇദയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ലക്ഷ്യമാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രണ്ട് മണിക്കൂറോളം നേരം ഹെലികോപ്ടറുകൾ മേഖലയിൽ നിരീക്ഷണം നടത്തിയ ശേഷമാണ് വ്യോമാക്രമണമുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണത്തിന് മുമ്പ് പ്രദേശവാസികളോട് സ്ഥലത്തുനിന്ന് മാറാൻ മൈക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കെട്ടിടം സ്ഫോടനത്തിൽ തകർക്കുകയായിരുന്നു.
ആക്രമണത്തിന്‍റെ വിശദവിവരങ്ങൾ പെന്‍റഗൺ വ്യക്തമാക്കിയില്ല. ഭീകരവിരുദ്ധ ആക്രമണമാണ് നടത്തിയതെന്നും നീക്കം വിജയകരമാണെന്നും പ്രസ്താവനയിൽ അറിയിക്കുക മാത്രമാണ് ചെയ്തത്. സിറിയൻ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.