കേപ് ടൗൺ: ആഴക്കടലിൽ തിമിംഗലങ്ങൾ ആർത്തുമറിയുന്ന കാഴ്ചകളിലേക്ക് കുടുംബമൊന്നിച്ച് ബോട്ടിൽ യാത്ര തിരിച്ച ഗിലിയൻ ഗെർബാവാസിന് ഇനിയൊരിക്കൽ കൂടി ആ കാഴ്ചകൾ കാണാൻ കൊതിയുണ്ടാകുമോ? കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയാണ് ദക്ഷിണാഫ്രിക്കൻ കടലിൽ ഭാഗ്യത്തിന് ജീവൻ തിരികെ ലഭിച്ച വിനോദ സഞ്ചാരിയുടെ ഞെട്ടിക്കുന്ന അനുഭവങ്ങളുള്ളത്.
കടൽപരപ്പിൽ തിമർത്തുല്ലസിക്കുന്ന എണ്ണമറ്റ തിമിംഗലങ്ങളുടെ ആഹ്ലാദ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു ഗിലിയനും കുടുംബവും. പെട്ടെന്നാണ് കൂറ്റൻ തിമിംഗലം പാഞ്ഞടുക്കുന്നത്. അരികിലുണ്ടായിരുന്ന ഗിലിയൻ വാ പിളർന്നുനിൽക്കുന്ന തിമിംഗലത്തിന്‍റെ വായിലേക്ക്. 40 ടൺ ഭാരമുള്ള കൂറ്റൻ മത്സ്യത്തിന് അനായാസം ഒറ്റ വലിക്ക് അകത്താക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, അധികം അകലെയല്ലാതെ രംഗം വീക്ഷിക്കുന്നുണ്ടായിരുന്ന ഒരു ബോട്ട് അതിവേഗം പാഞ്ഞെത്തി രക്ഷാദൗത്യം ഏറ്റെടുത്തു.
ഗിലിയന്‍റെ മകൾ അനുഭവം പങ്കുവെക്കുന്നുണ്ട്: ''പിതാവ് വെള്ളത്തിൽ വീണെന്നായതോടെ ശരിക്കും പേടിച്ചുപോയി. എങ്ങനെ അവിടെയെത്തിയെന്ന് പിടികിട്ടിയില്ല. രക്ഷപ്പെട്ടെന്നറിഞ്ഞതോടെ ആശ്വാസമായി''.
കൂറ്റൻ തിമിംഗലം ഒരു മത്സ്യത്തിനു പിന്നാലെ അതിവേഗം നീങ്ങുന്നതിനിടെയാണ് ബോട്ടിലിടിച്ചതെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.