കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കം; ആശങ്കയുണ്ടെന്ന് യു.എസ്

വാഷിങ്ടൺ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ത്യയിൽ നിന്ന് മടങ്ങിയതിൽ ആശങ്കയുണ്ടെന്ന് യു.എസ്. 1961ലെ നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട വിയന്ന കൺവെൻഷനിലെ നിർദേശങ്ങൾ ഇന്ത്യ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് അറിയിച്ചു. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടതിൽ ആശങ്കയു​ണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

ഇന്ത്യയുടെ നിർദേശപ്രകാരമാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ കുറച്ചത്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് രാജ്യങ്ങൾക്ക് നയതന്ത്ര ഉദ്യോഗസ്ഥർ ആവശ്യമാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ പിൻവലിക്കരുതെന്ന്  ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കണമെന്നും ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് യു.എസ് വക്താവ് അറിയിച്ചു. വിയന്ന കൺവെൻഷന്റെ നിർദേശങ്ങൾ ഇന്ത്യ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാറ്റ് മില്ലർകൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡയിലേക്ക് മടങ്ങും. ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് 21 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണെന്നും മെലാനി ജോളി പറഞ്ഞു.

നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്കെതിരാണ്. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽകാലികമായി നിർത്തി വെക്കേണ്ടിവരും. കോൺസുലേറ്റിന്‍റെ സഹായം ആവശ്യമുള്ള കനേഡിയൻ പൗരന്മാർക്ക് ഡൽഹിയിലെ ഹൈക്കമീഷനുമായി നേരിട്ടോ ഫോൺ, ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 'Concerned over Canadian diplomats' departure -US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.