ന്യൂഡൽഹി: പ്രമുഖ വനിത നേതാവ് സുഷ്മിത ദേവ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടി നേതൃത്വം 'കണ്ണുകൾ മുറുക്കിയടച്ചാണ് മുന്നോട്ടുനീങ്ങുന്നതെ'ന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ''സുഷ്മിത ദേവ് പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിനൽകുന്നു. യുവ നേതാക്കൾ വിട്ടുപോകുേമ്പാൾ പഴിയേൽക്കേണ്ടിവരുന്നത് അതിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ഞങ്ങൾ 'വൃദ്ധന്മാരാണ്''- ട്വീറ്റിൽ കുറ്റപ്പെടുത്തുന്നു. സമൂല മാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളിൽ കപിൽ സിബലുമുണ്ടായിരുന്നു. പുതിയ പ്രസ്താവനയോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നെന്ന സംശയം ബലപ്പെടുകയാണ്.
നിലവിൽ മുഴുസമയ പ്രസിഡന്റില്ലാതെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. സോണിയ ഗാന്ധി പാർട്ടി വർകിങ് പ്രസിഡന്‍റാണ്. പുതിയ പ്രസിഡന്‍റിനെ വെക്കാൻ പാർട്ടി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സിബലിന്‍റെയും മറ്റു 22 പേരുടെയും ആവശ്യം. പ്രസിഡന്‍റായിരുന്ന രാഹുൽ ഗാന്ധി 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് രാജിവെച്ചിരുന്നു.
സുഷ്മിതക്കു മുമ്പും നിരവധി പേർ അടുത്തിടെയായി പാർട്ടി വിട്ടത് തലവേദന ഇരട്ടിയാക്കുന്നു. രണ്ടു തവണ ലോക്സഭ എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ, ഒരു വർഷം മുമ്പ് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധി തുടങ്ങിയവരുടെ കൂടുമാറ്റം സൃഷ്ടിച്ച ആശങ്കയൊഴിയും മുമ്പാണ് സുഷ്മിതയുടെ രാജി. രാജസ്ഥാനിൽ സചിൻ പൈലറ്റും സംസ്ഥാന നേതൃത്വവുമായി പടലപ്പിണക്കം നിലനിൽക്കുന്നു. പഞ്ചാബിൽ നവ്ജോത് സിങ് സിദ്ദു ഏറെയായി ഉയർത്തിയ പുക അടങ്ങിയെന്നു പറയാറായിട്ടില്ല.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സന്തോഷ് മോഹൻ ദേവിന്‍റെ മകളും 2014ൽ അസമിലെ സിൽചാറിൽനിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുമാണ് പാർട്ടി വിട്ട സുഷ്മിത ദേവ്. ഇവർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.
ട്വിറ്റർ ഹാൻ്ഡ്ലിൽ കോൺഗ്രസ് നേതാവ് എന്ന വിശേഷണം മാറ്റി മുൻനേതാവ് എന്നാക്കിയതോടെയാണ് രാജി സൂചന ആദ്യം പുറത്തുവന്നത്. ഇവർ കൊൽക്കത്തയിലെത്തി മമതയെ കണ്ട് അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.