ബൈറൂത്ത്: ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന ‘പേജറു’കൾ വ്യാപകമായി പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണവും പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രകോപനവുമാണെന്ന് വിവിധ രാജ്യങ്ങൾ പ്രതികരിച്ചു. ബുധനാഴ്ച വീണ്ടും പൊട്ടിത്തെറികളും മരണവുമുണ്ടായത് സംഭവത്തെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്.
നിരപരാധികളായ ആയിരങ്ങൾ ഇരകളാക്കപ്പെട്ട പേജർ ആക്രമണം അപലപനീയമാണെന്നും പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂർവമായ പ്രകോപനമാണിതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ പറഞ്ഞു. ഉർദുഗാൻ ലബനാൻ പ്രധാനമന്ത്രി നജീബ് മീകാതിയെ ഫോണിൽ വിളിച്ചു. യുദ്ധം മേഖലയാകെ വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം അപകടകരമാണെന്നും അവരെ തടുത്തുനിർത്താൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ഉർദുഗാൻ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണവും യുദ്ധക്കുറ്റവുമാണെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മീകാതി പറഞ്ഞു. അദ്ദേഹം അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. യു.എന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തെ അപലപിക്കുന്നതായും ഇത് കൂട്ടക്കൊലയും ഭീകരാക്രമണവുമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ലബനാനിലും സിറിയയിലുമുണ്ടായത് ഭീകരാക്രമണമാണെന്നും അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്നും ബെൽജിയൻ ഉപപ്രധാനമന്ത്രി പെട്ര ഡി ഷട്ടർ പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കൈറോയിൽ കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ലബനാന് പിന്തുണ നൽകുമെന്നും യുദ്ധ വ്യാപനത്തിനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അൽ സീസി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പരിക്കേറ്റവരെ പരിചരിക്കാൻ 12 ഡോക്ടർമാരും 12 നഴ്സുമാരുമടങ്ങുന്ന ഇറാൻ റെഡ് ക്രെസന്റ് അംഗങ്ങൾ ലബനാനിൽ എത്തിയിട്ടുണ്ട്.
ബൈറൂത്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യും. ഏതുവിധമാണ് ഹിസ്ബുല്ല പ്രതികരിക്കുന്നത് എന്നറിയാൻ ഹസൻ നസ്റുല്ലയുടെ പ്രതികരണത്തിന് ലോകം ഉറ്റുനോക്കുന്നു. അനുദിനം വർധിച്ചുവരുന്ന സംഘർഷാവസ്ഥ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ പൂർണ യുദ്ധത്തിലേക്ക് എത്തിക്കുമെന്ന ആശങ്കയുണ്ട്. ഗസ്സയിലെ കുരുതി നിർത്താതെ ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കുന്നത്. പേജർ ആക്രമണം ഇസ്രായേലിനെതിരായ ഓപറേഷനിൽ തങ്ങളുടെ ദൃഢനിശ്ചയം വർധിപ്പിക്കുകയേ ഉള്ളൂവെന്ന് ഹിസ്ബുല്ല ചൊവ്വാഴ്ച ഹ്രസ്വ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 12 പേരാണ് പേജർ പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടത്. 2800ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 300 പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ഏകദേശം 10 സെക്കൻഡ് നേരം പേജറുകൾ ബീപ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്പോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. അതുകൊണ്ടുതന്നെ കണ്ണിന് പലർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ലബനാനിൽ നടന്ന വ്യാപക സ്ഫോടനങ്ങളിൽ ഇതിലുള്ള 3000ത്തോളം പേജറുകളാണ് പൊട്ടിത്തെറിച്ചത്. അസാധാരണമാം വിധം ചൂടായപ്പോൾ പലരും ഉപകരണം മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.