ബ്രസീലിയ: കോവിഡ് വാക്സിൻ ജനങ്ങളെ മുതലകളാക്കി മാറ്റുമെന്ന് ബ്രസീൽ പ്രസിഡന്‍റ് ജെയ്ർ ബൊൽസൊനാരോ. വാക്സിൻ നിർമാതാക്കളായ ഫൈസർ-ബയേൺടെകിനെതിരെയാണ് കഴിഞ്ഞ ദിവസം ബൊൽസൊനാരോ കടുത്ത വിമർശനം ഉന്നയിച്ചത്. വാക്സിന്‍റെ പാർശ്വഫലങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നാണ് നിർമാതാക്കൾ പറയുന്നതെന്നും വാക്സിൻ സ്വീകരിച്ച ശേഷം നിങ്ങൾ മുതലയായി മാറുകയാണെങ്കിൽ അതു നിങ്ങളുടെ കുഴപ്പമാണെന്നും ബൊൽസൊനാരോ പറഞ്ഞു.
നിങ്ങൾ ഒരു സൂപ്പർമാനായി മാറുകയോ, സ്ത്രീകൾക്ക് താടി വളരാൻ തുടങ്ങുകയോ പുരുഷൻ സ്ത്രീകളുടെ സ്വഭാവം കാണിച്ചു തുടങ്ങുകയോ ചെയ്താൽ വാക്സിൻ നിർമാതാക്കൾക്ക് ഒന്നും ചെയ്യാനില്ലെന്നും ബൊൽസൊനാരോ പറഞ്ഞു. താൻ വാക്സിൻ എടുക്കില്ലെന്നും അത് തന്‍റെ അവകാശമാണെന്നും ബൊൽസൊനാരോ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, വാക്സിനേഷൻ പദ്ധതികൾ ബ്രസീലിൽ പുരോഗമിക്കുന്നുണ്ട്. വാക്സിൻ സൗജന്യമായിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.
കോവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു.
ലോകത്ത് കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. 70 ലക്ഷത്തിലേറെ പേർക്ക് ഇവിടെ വൈറസ് ബാധിച്ചിരുന്നു. 1,85,000ത്തോളം പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.