മോസ്കോ: കോവിഡ് വാക്സിൻ പരീക്ഷണം വിജയകരമാണെന്ന അവകാശവാദവുമായി അമേരിക്കക്ക് പിന്നാലെ റഷ്യയും. കോവിഡ് പ്രതിരോധത്തിൽ തങ്ങൾ വികസിപ്പിച്ച സ്പുട്നിക്-5 വാക്സിൻ 92 ശതമാനം ഫലപ്രദമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. നിലവിൽ സ്പുട്നിക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുന്നുണ്ട്. സ്പുട്നിക് വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ട്.
ആഗസ്റ്റിൽ റഷ്യ രജിസ്റ്റർ ചെയ്ത സ്പുട്നിക്-5 വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരിൽനിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് 92 ശതമാനം വിജയമാണെന്ന നിഗമനത്തിൽ എത്തിയതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) വ്യക്തമാക്കി. വാക്സിൻ രാജ്യാന്തര വിപണയിൽ എത്തിക്കുന്നതിന് ആർ.ഡി.ഐ.എഫ് ആണ് പിന്തുണ നൽകുന്നത്. "വാക്സിൻ വളരെ ഫലപ്രദമാണ്. ഇത് വികസിപ്പിക്കാൻ സഹകരിച്ചവർക്ക് ഭാവിയിൽ കൊച്ചുമക്കളോട് അഭിമാനത്തോടെ ലോക നന്മക്കായി തങ്ങൾ നൽകിയ സംഭാവനയെ കുറിച്ച് പറയാം'' - ആർ.ഡി.ഐ.എഫ് മേധാവി കിരിൽ ദിമിത്രീവ് പറഞ്ഞു.
മോസ്കോയിലെ 29 ക്ലിനിക്കുകളിലായി 40,000 പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതിൽ മൂന്നിലൊന്നു പേർക്ക് സജീവ ഘടകങ്ങൾ അടങ്ങിയ വാക്സിൻ നൽകിയില്ല. ഇവരേക്കാൾ സ്പുട്നിക് വാക്സിൻ നൽകിയവർ കോവിഡിനെ പ്രതിരോധിക്കുന്നതിൽ 92 ശതമാനത്തോളം വിജയിച്ചെന്ന് ആർ.ഡി.ഐ.എഫ് അവകാശപ്പെടുന്നു.
അതിനിടെ, തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി യു.എസ് ഫാർമ കമ്പനിയായ ഫൈസർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജർമ്മനിയുടെ ബയൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്ന് അവർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.