ലണ്ടൻ: യൂറോപ്പിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആറാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി. ഇത് ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിന്റെ പകുതിയോളം വരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം താരതമ്യേന കുറവാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
കോവിഡിനെ വിലക്കുറച്ച് കാണരുതെന്നും ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദങ്ങൾ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒയുടെ യൂറോപ് ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകൾ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ശരത് -ശീത കാലങ്ങളിൽ എണ്ണം ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർധിച്ചുവരുന്ന കോവിഡ് കേസുകൾ രാജ്യത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ദേശീയ ആരോഗ്യ സേവന വിഭാഗം തകർച്ചയിലേക്ക് നീങ്ങുമെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ പുറത്ത് പുതിയ രോഗബാധിതരുമായി ആംബുലൻസുകൾ വരിനിൽക്കുകയാണെന്നും കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളെ നേരിടാൻ യു.കെ സർക്കാർ തയാറാകുന്നില്ലെന്നും മെഡിക്കൽ ജേണലുകൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.