ചെക്കിലെ മൃഗശാലയിൽ ജനിച്ച കാണ്ടാമൃത്തിന്‍റെ കുഞ്ഞിന് 'കിയവ്' എന്ന് പേരിട്ട് അധികൃതർ. റഷ്യ യുക്രെയ്നെ ആക്രമിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നവജാത കാണ്ടാമൃഗത്തിന് യുക്രെയ്ൻ തലസ്ഥാനമായ കിയവിന്‍റെ പേര് നൽകിയത്.
''യുക്രേനിയൻ നായകന്മാർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ ഭാഗമാണ് ഈ പേര്'' -മൃഗശാല ഡയറക്ടർ പ്രെമിസിൽ റബാസ് പറഞ്ഞു.
മാർച്ച് നാലിനാണ് കുഞ്ഞ് കിയവ് ചെക്കിലെ ഡ്യൂവർ ക്രാലോവ് മൃഗശാലയിൽ ജനിച്ചത്. വംശനാശം നേരിടുന്ന കറുത്ത കാണ്ടാമൃഗ വർഗത്തിൽ പെടുന്ന കിയവ് ഉൾപ്പെടെ ആകെ മൂന്ന് കാണ്ടാമൃഗങ്ങൾ മാത്രമാണ് ഒരു വർഷത്തിനിടെ ലോകത്താകമാനമുള്ള മൃഗശാലയിൽ ജനിച്ചത്.
1971ലാണ് ഡ്യൂവർ ക്രാലോവ് മൃഗശാലയിലേക്ക് ആദ്യമായി കറുത്ത വർഗത്തിൽ പെട്ട കാണ്ടാമൃഗം എത്തുന്നത്. തുടർന്ന് ക്രാലോവ് മൃഗശാലയിൽ 47 കാണ്ടാമൃഗങ്ങൾ ജനിച്ചിട്ടുണ്ട്. അവയിൽ പലതിനെയും ലോകത്തെ വിവിധ മൃഗശാലകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം ഒമ്പത് മൃഗങ്ങളെ റുവാണ്ടയിലെയും ടാൻസാനിയയിലെയും കാടുകളിലേക്ക് അയക്കുകയും ചെയ്തു. നിലവിൽ ലോകത്താകെയുള്ള മൃഗശാലകളിൽ 800 കറുത്ത കാണ്ടാമൃഗങ്ങളാണുള്ളത്. ചെക്കിൽ മാത്രം 14 മൃഗങ്ങളാണുള്ളത്.
കുഞ്ഞു കിയവ് സുഖമായിരിക്കുന്നുവെന്നും, അവന്‍റെ അമ്മ ഇവ അവനെ നന്നായി പരിപാലിക്കുന്നുണ്ടെന്നും മൃഗശാല അധികൃതർ പറഞ്ഞു. കിയവിന് ഇപ്പോൾ 50 കിലോഗ്രാം ഭാരമുണ്ടെന്നും ദിനംപ്രതി ഓരോ കിലോഗ്രാം വെച്ച് തൂക്കം വർധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശത്തെ തുടർന്ന് സിംഹങ്ങൾ അടക്കമുള്ള യുക്രെയ്നിൽ നിന്നുള്ള വന്യമൃഗങ്ങൾക്കും അയൽരാജ്യങ്ങൾ അഭയം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.