തെഹ്റാൻ: ഇറാനിലെ പരമ്പരാഗത വസ്ത്രധാരണരീതി ലംഘിച്ചതിന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തിൽ പ്രതിഷേധം തുടരുന്നു. ഇറാനികൾ തലസ്ഥാനമായ തെഹ്‌റാൻ തെരുവിലിറങ്ങി. ഇറാനിയൻ സ്ത്രീകൾക്ക് നിർബന്ധമായ ഹിജാബ് എന്ന ശിരോവസ്ത്രംകൊണ്ട് മുടിമറക്കാത്തതിന് സെപ്റ്റംബർ 13ന് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്സ അമിനി വെള്ളിയാഴ്ചയാണ് മരിച്ചത്.
മൂന്നുദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ യുവതി ആശുപത്രിയിലാണ് മരിച്ചത്. മരണം അന്വേഷിക്കണമെന്നും അമിനിയെ കസ്റ്റഡിയിലെടുത്ത മതകാര്യ പൊലീസിനെ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് തെഹ്‌റാൻ സർവകലാശാലകളിലെ വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയതായി ഫാർസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മാഷദ് പട്ടണത്തിലും പ്രതിഷേധം അരങ്ങേറി. നിരവധി ഇറാനിയൻ വനിതകൾ ശിരോവസ്ത്രം അണിയാതെ പ്രതിഷേധിച്ചു.
ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ്, മോശമായി പെരുമാറിയെന്ന ആരോപണം തള്ളി. എന്നാൽ, അമിനിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. കുർദിഷ് വംശജയായ അമിനിയെ ശനിയാഴ്ച പടിഞ്ഞാറൻ ഇറാനിലെ സ്വന്തം നഗരമായ സാക്കസിൽ ഖബറടക്കി. ഖബറടക്കത്തിന് ശേഷമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യാൻ തിങ്കളാഴ്ച ന്യൂയോർക്കിലേക്ക് പോയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അന്വേഷണത്തിന് ഉത്തരവിട്ടു. ജുഡീഷ്യറിയും പാർലമെന്ററി സമിതിയും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.