കോർഗിക്കും ഒരു ദിവസമുണ്ട്; എലിസബത്ത് രാജ്ഞി മരിച്ച ശേഷം കോർഗി പട്ടികളുടെ വില 217,908 രൂപയായി

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പട്ടിസ്നേഹം ലോക പ്രശസ്തമാണ്. 18 വയസുള്ളപ്പോൾ പിതാവ് ജോർജ് ആറാമൻ രാജാവാണ് എലിസബത്തിന് ആദ്യമായി കോർഗിസ് പട്ടിയെ സമ്മാനിച്ചത്. സൂസൻ എന്നായിരുന്നു അതിന്റെ പേര്. വളരെ സ്നേഹത്തോടെയാണ് രാജ്ഞി തന്റെ പട്ടികളെ വളർത്തിയിരുന്നത്. പട്ടിയെ ​നോക്കാൻ തന്നെ പ്രത്യേകം ആളെ ശമ്പളം കൊടുത്തു നിയമിച്ചു. പട്ടികളുടെ ദൈനംദിന ഭക്ഷണ കാര്യങ്ങളിൽ രാജ്ഞി നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. എല്ലാ ദിവസം വൈകീട്ട് അഞ്ചുമണിക്ക് പട്ടികൾക്ക് കോഴിയിറച്ചി ഉൾപ്പെടെയുള്ള മാംസ ഭക്ഷണം വിളമ്പി.

രാജ്ഞിയുടെ മരണത്തോടെ കോർഗി പട്ടികളുടെ വിലയും കുത്തനെ വർധിച്ചുവെന്ന കാര്യമാണ് പറഞ്ഞു വരുന്നത്. രാജ്ഞിയുടെ സംസ്കാര ശേഷമാണ് കോർഗി പട്ടികളുടെ വില ഇരട്ടിയായി വർധിച്ചതെന്ന് യു.കെയിലെ ഏറ്റവും വലിയ വളർത്തുമൃഗ വിപണി വ്യക്തമാക്കി.

കോവിഡ് കാലത്താണ് ഇതിനു മുമ്പ് കോർഗി പട്ടികളുടെ വില വർധിച്ചത്. കോർഗി വിഭാഗത്തിൽ പെട്ട കുഞ്ഞുപട്ടിക്ക് ഇപ്പോൾ 2,678(217,908 രൂപ) ഡോളറാണ് വില. രാജ്ഞിയുടെ വിശ്വസ്തരായിരുന്നു കോർഗികൾ. കൂർത്ത ചെറിയ ചെവികളും മണലിന്റെ നിറവുമുള്ള കോർഗികൾ രാജ്ഞിയുടെ കൊട്ടാരത്തിലെ പതിവു കാഴ്ചയായിരുന്നു. രാജ്ഞിയുടെ ഔദ്യോഗിക ​ചിത്രങ്ങളിൽ ഇവയുമുണ്ടാകും.

കൊട്ടാരത്തിൽ ഓരോ മുറികളിലും രാജ്ഞിയെ ചുറ്റിപ്പറ്റി സദാസമയം ഇവ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രാജ്ഞിയുടെ സംസ്കാരം. തന്റെ മരണശേഷം പട്ടികൾ അനാഥരായി പോകുമെന്ന് പേടിച്ച് 90 കൾ മുതൽ രാജ്ഞി പട്ടികളെ വളർത്തുന്നത് നിർത്തിയിരുന്നു. എന്നാൽ രണ്ട് വളർത്തുപട്ടികളെ അപ്പോഴും കൂടെ കൂട്ടി. അവ രാജ്ഞിയുടെ മരണം വരെ കൂടെ നിന്നു.

Tags:    
News Summary - Demand for queen's favourite corgi dogs hits new high after her death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.