വാഷിങ്ടൺ: ട്വിറ്ററും ഫേസ്ബുക്കും യു ട്യൂബും വിലക്കിയതോടെ സ്വന്തം സമൂഹമാധ്യമത്തിൽ ജനങ്ങളോട് സംവദിക്കാനൊരുങ്ങി യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹമാധ്യമം പുറത്തിറക്കുമെന്നാണ് വിവരം.
അമേരിക്കൻ ജനതയോട് ട്രംപ് സംവദിക്കുക ഇനി ഇതിലൂടെയാകും. കാപിറ്റൽ ഹിൽ കലപാവുമായി ബന്ധപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളായ ട്വിറ്റർ, ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ ട്രംപിന് വിലക്കേർപ്പെടുത്തിയത്.
മുൻ അമേരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം എല്ലാവർക്കും എത്തിക്കുന്നതിനായി ഒരു സമൂഹമാധ്യമം സ്വന്തമാക്കുമെന്നും എല്ലാ ആളുകൾക്കും പേടികൂടാതെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസരെമാരുക്കുമെന്നും ന്യൂസ്മാക്സ് ടി.വി റിപ്പോർട്ട് ചെയ്തു.
രണ്ടുമൂന്നു മാസത്തിനുള്ളിൽ ട്രംപ് സമൂഹമാധ്യമങ്ങളിലേക്ക് തിരികെയെത്തുമെന്ന് ട്രംപിന്‍റെ മുൻ ഉപദേഷ്ടാവ് ജാസൻ മില്ലർ പറഞ്ഞിരുന്നു. ഗെയിം മുഴുവൻ ട്രംപ് മാറ്റിയെഴുതും. ട്രംപ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയാണെന്നും പേക്ഷ അദ്ദേഹത്തിന്‍റെ സ്വന്തം പ്ലാറ്റ്ഫോമിലൂടെയാകും തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ ട്വീറ്റുകളിലൂടെ ട്രംപ് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പലപ്പോഴും ട്രംപിന്‍റെ ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ വ്യാജവാർത്തകൾ ട്വിറ്ററിലൂടെ ട്രംപ് പ്രചരിപ്പിക്കുകയാണെന്ന ആരോപണങ്ങളും നിരന്തരം ഉയർന്നു. ഇതിനുപുറമെ ജനുവരി ആറിന് നടന്ന യു.എസ് കാപ്പിറ്റൽ കലാപത്തിനെ പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റുകൾ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 88 മില്ല്യൺ ഫോളോവേഴ്സുള്ള ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്യുകയായിരുന്നു. ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും യുട്യൂബും വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.