ന്യൂയോർക്ക്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വശീയ യുദ്ധത്തിനുള്ള യു.എസിന്റെ പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്ത് പ്രതിഷേധിച്ച 200ലധികം ഫലസ്തീൻ അനുകൂല പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
‘ജൂത വോയ്സ് ഫോർ പീസ്’ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിൽ നിന്നടക്കമുള്ള പ്രതിഷേധക്കാർ ലോവർ മാൻഹട്ടനിലെ വാൾസ്ട്രീറ്റിന് സമീപമുള്ള എക്സ്ചേഞ്ചിന്റെ കെട്ടിടത്തിനു മുന്നിൽ ‘ഗസ്സയെ ജീവിക്കാൻ അനുവദിക്കുക’, ‘വംശഹത്യക്ക് ധനസഹായം നൽകുന്നത് നിർത്തുക’, ‘വിമോചനത്തോടൊപ്പം മുകളിലേക്ക്, അധിനിവേശത്തിലൂടെ താഴേക്ക്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി.
പ്രതിഷേധക്കാരാരും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളിൽ കയറിയിരുന്നില്ല. എന്നാൽ, ഡസൻ കണക്കിനുപേർ ബ്രോഡ് സ്ട്രീറ്റിലെ പ്രധാന കെട്ടിടത്തിനുപുറത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് ചാടിക്കടന്നു. കാരണമൊന്നും വ്യക്തമാക്കാതെ 206 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. പ്രതിഷേധക്കാരെ ഓരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്ത് കൈകൾ പിന്നിൽ കെട്ടി വാനുകളിലേക്ക് നയിച്ചു. ചിലരെ മൂന്നോ നാലോ പൊലീസുകാർ എടുത്തുയർത്തിയാണ് കൊണ്ടുപോയത്.
500ഓളം പ്രകടനക്കാർ പങ്കെടുത്തതായി പ്രതിഷേധവുമായി ബന്ധപ്പെട്ട ജൂത ഗ്രൂപ്പ് പറഞ്ഞു. സ്റ്റോക്ക് എക്സ്ചേഞ്ച് സംഭവത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല. അമേരിക്കൻ പ്രതിരോധ കരാറുകാരോടും ആയുധ നിർമാതാക്കളോടുമുള്ള രോഷം പ്രതിഷേധക്കാർ പ്രകടിപ്പിച്ചു. ലെബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയും മുദ്രാവാക്യം മുഴക്കി. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിനുള്ള അമേരിക്കൻ പിന്തുണക്കെതിരായ ഏറ്റവും പുതിയ രോഷപ്രകടനമാണിത്.
ഇസ്രായേലിലേക്ക് ബോംബുകൾ അയക്കുന്നത് യു.എസ് സർക്കാർ നിർത്തണമെന്നും ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ വംശഹത്യയിൽനിന്ന് ലാഭം നേടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതിനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നതെന്ന് പ്രകടനം സംഘടിപ്പിച്ച ‘ജൂത വോയ്സ് ഫോർ പീസി’ന്‍റെ പൊളിറ്റിക്കൽ ഡയറക്ടർ ബെത്ത് മില്ലർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി എന്താണ് സംഭവിക്കുന്നത്? ഗസ്സയിലുള്ളവരെ കൂട്ടക്കൊല ചെയ്യാൻ ഇസ്രായേൽ യു.എസ് ബോംബുകൾ ഉപയോഗിക്കുന്നു. അതേസമയം വാൾസ്ട്രീറ്റിലെ ആയുധ നിർമാതാക്കൾ അവരുടെ സ്റ്റോക്ക് വില കുതിച്ചുയരുന്നതും നോക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.