പരമറിബോ: സുരിനാമിന്റെ പുരോഗതിയിലും വികസനത്തിലും സഹായിക്കാനും പരിചയസമ്പത്ത് പങ്കുവെക്കാനും ഇന്ത്യ തയാറാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഭൂമിശാസ്ത്രത്താൽ വേർതിരിക്കപ്പെട്ടതാണെങ്കിലും ഇരു രാജ്യങ്ങളും പൊതുവായ ചരിത്രവും പൈതൃകവും കൊണ്ട് ബന്ധിതമാണെന്നും ഔദ്യോഗിക സന്ദർശനത്തിനിടെ അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രവാസികൾക്കും സുരിനാമിലെ ഇന്ത്യൻ സുഹൃത്തുക്കൾക്കുമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ രാഷ്ട്രപതിയും സുരിനാം പ്രസിഡന്റ് ചന്ദ്രിക പെർസാദ് സന്തോഖിയും പങ്കെടുത്തു. ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സേവനങ്ങൾ, നവ സാങ്കേതികവിദ്യ, ഫിൻടെക് തുടങ്ങി ഇന്ത്യയിലെ വിവിധ മേഖലകളിലെ മാറ്റവും പുരോഗതിയും രാഷ്ട്രപതി എടുത്തുപറഞ്ഞു. സുരിനാമുമായി ഈ പരിചയസമ്പത്ത് പങ്കിടാൻ സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
സുരിനാമിനും രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യയുടെ ഹൃദയത്തിൽ പ്രത്യേകമായ സ്ഥാനമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാലമാണ് പ്രവാസി സമൂഹം. സുരിനാമിലെ ഇന്ത്യയുടെ സ്ഥിരം അംബാസഡർമാരാണ് പ്രവാസികൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുമായി ശാശ്വതമായ ബന്ധം സ്ഥാപിക്കുക എന്നതാണ് ഇന്ത്യൻ സർക്കാറിന്റെ മുൻഗണനയെന്നും അവർ പറഞ്ഞു.
സുരിനാമിലെ ഇന്ത്യൻ വംശജരായ നേതാക്കൾ പൊതുസേവനത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ എത്തുന്നത് കാണുന്നതിൽ അഭിമാനമുണ്ടെന്ന്, ഇന്ത്യയിൽ വേരുകളുള്ള പ്രസിഡന്റ് സന്തോഖിയെ പരാമർശിച്ച് രാഷ്ട്രപതി പറഞ്ഞു. സുരിനാമിൽ ഇന്ത്യക്കാർ എത്തിയതിന്റെ 150 വാർഷികാഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച അംഗീകാരമാണ്. സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും സുരിനാമിന്റെ വികസനത്തിന് ഇന്ത്യക്കാർ മികച്ച സംഭാവനകൾ നൽകുന്നുണ്ട് -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.