ബ്രസീലിൽ മയക്കുമരുന്ന്​ സംഘവും പൊലീസും ഏറ്റുമുട്ടി; 25 പേർ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: ബ്രസീലിൽ മയക്കുമരുന്ന്​ കള്ളക്കടത്തുകാരും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിൽ 25 പേർ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലെ ജാക്കറെസിൻഹോ ചേരി പരിസരത്താണ്​ സംഭവം​.

വെടിവെപ്പിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മറ്റുള്ളവർ ചേരിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ്​ പറഞ്ഞു. റിയോ സംസ്ഥാനത്ത്​ 16 വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിത്. 2007ൽ കോംപ്ലക്സോ ഡോ അലേമാവോ ചേരിയിൽ നടന്ന ഏറ്റുമുട്ടലിൽ 19 പേരാണ്​ കൊല്ലപ്പെട്ടത്​.

ആക്രമികളിൽനിന്ന്​ പിടിച്ചെടുത്ത ആയുധങ്ങൾ പൊലീസ് വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ആറ് റൈഫിളുകൾ, 15 ഹാൻഡ്‌ഗണ്ണുകൾ, ഒരു മെഷീൻ ഗൺ, 14 ഗ്രനേഡുകൾ, ഒരു പീരങ്കി വെടിമരുന്ന് എന്നിവയാണ്​ പിടിച്ചെടുത്തത്​​. മയക്കുമരുന്ന് കടത്തിന് പുറമെ ഇവർ ചരക്ക് ട്രക്കുകൾ കൊള്ളയടിക്കുകയും ട്രെയിനിൽ യാത്രക്കാരെ കവർച്ച നടത്താറുണ്ടെന്നും പൊലീസ്​ അറിയിച്ചു.

അതേസമയം, ഏറ്റുമുട്ടലിനെതിരെ ആംനസ്റ്റി ഇൻറർനാഷനൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘങ്ങൾ വിമർശനവുമായി രംഗത്തെത്തി. കറുത്തവരും ദരിദ്രരും താമസിക്കുന്ന ചേരിയിൽ അപലപനീയമായ ആക്രമണമാണ്​ നടന്നത്​. ഇത്രയും പേർ കൊല്ലപ്പെട്ടത്​ നീതീകരിക്കാനവില്ലെന്നും ആംനസ്റ്റി ഇൻറർനാഷനൽ ബ്രസീൽ എക്സിക്യൂട്ടീവ് ഡയറക്ടർ ജുറേമ വെർനെക് പറഞ്ഞു.

സംഭവത്തെക്കുറിച്ച്​ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന്​ ഹ്യൂമൺ റൈറ്റ്​സ്​ വാച്ച് (എച്ച്​.ആർ.ഡബ്ല്യു)​ ആവശ്യപ്പെട്ടു. എച്ച്​.ആർ.ഡബ്ല്യു​ കണക്കനുസരിച്ച് ഇൗ വർഷം റിയോ പൊലീസ് 453 പേരെയാണ്​ കൊലപ്പെടുത്തിയത്​. നാല് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോവിഡ്​ മഹാമാരിക്കിടയിൽ ചേരികളിൽ ഇത്തരം ആക്രമണങ്ങൾ നടത്തരുതെന്ന്​ സുപ്രീം കോടതി വിധിയുണ്ടായിട്ടും അതി​െൻറ കടുത്ത ലംഘനമാണ്​ ഇപ്പോൾ നടന്നതെന്ന്​ എച്ച്​.ആർ.ഡബ്ല്യു കുറ്റപ്പെടുത്തി.  

Tags:    
News Summary - Drug gang and police clash in Brazil; 25 people were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.