ധാക്ക: ബംഗ്ലാദേശിൽ ദുർഗപൂജ ആഘോഷങ്ങൾക്കിടെ നാലു ക്ഷേത്രങ്ങൾ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ഹിന്ദുക്ഷേത്രങ്ങൾക്കും ദുർഗപൂജ ആഘോഷങ്ങൾക്കുമെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചു.
തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 22 ജില്ലകളിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്നും പ്രതികളെ വെറുതെ വിടില്ലെന്നും ശൈഖ് ഹസീന ഉറപ്പുനൽകി. ഏതു മതത്തിൽ വിശ്വസിക്കുന്നു എന്നത് ഇവിടെ പ്രസക്തമല്ല. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും. ഇവരെ സംബന്ധിച്ച് നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അവർ വ്യക്തമാക്കി. വിശ്വാസികൾക്ക് ദുർഗപൂജ ആശംസകളും ശൈഖ് ഹസീന അറിയിച്ചു.
അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു. ദുർഗപൂജക്കായി നടത്തിയ ക്രമീകരണങ്ങൾ ജനക്കൂട്ടം നശിപ്പിക്കുന്നതും ക്ഷേത്രങ്ങൾ തകർക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.