ഇസ്ലാമാബാദ്; കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്കെതിരെ പാകിസ്താനിലെ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജി.എസ്.ടി ഇളവ് പിൻവലിച്ചതും കാർഷിക ഉപകരണങ്ങളുടെ ദൗർലഭ്യവും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഉയർത്തിക്കാട്ടി തലസഥാനമായ ഇസ്‍ലാമാബാദിലേക്ക് മാർച്ച് നടത്താൻ രാജ്യത്തെ പ്രമുഖ കർഷക സംഘടനയായ പാകിസ്ഥാൻ കിസാൻ ഇത്തേഹാദ് പദ്ധതിയിട്ടതായി സമാ ടിവി റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 14 ന് മുൾതാനിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുകയെന്നും കർഷക നേതാവ് ഖാലിദ് മഹ്‌മൂദ് പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടിപ്പിക്കുന്ന റാലികൾ മുൾതാനിൽ സംയോജിച്ച് അവിടെ നിന്ന് ലാഹോറിലേക്കും തലസ്ഥാനമായ ഇസ്ലാമാബാദിലേക്കും നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ഇളവ് പിൻവലിച്ചതും, വളം, കീടനാശിനി പോലുള്ള അവശ്യ വസ്തുകക്കളുടെ ദൗർലഭ്യവും, ഒപ്പം സാമ്പത്തിക പ്രതിസന്ധിയുമെല്ലാം രാജ്യത്തെ കർഷകരെ വലയ്ക്കുകയാണ്. എന്നാൽ, പ്രശ്നപരിഹാരത്തിന് സർക്കാറിന്‍റെ ഭാഗത്ത് നിന്ന് വേണ്ട പിന്തുണ ലഭിക്കാതായതോടെ പ്രക്ഷോഭത്തിനിറങ്ങാൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു.
രാജ്യത്തിന്‍റെ വിശപ്പകറ്റുന്ന കർഷകർ നിസ്സഹായരായിരിക്കുമ്പോൾ സർക്കാരിനെ ഒരിടത്തും കാണാനില്ലെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പഞ്ചസാരയ്ക്കും ഗ്യാസിനും ശേഷം യൂറിയയും രാജ്യത്ത് ആഡംബരവസ്തുവായി മാറി, കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യം മുഴുവൻ ദുരിതത്തിലാകും. അവർക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.