ജറൂസലം: ലബനാന് പിന്നാലെ ഗസ്സയിലും വെടിനിർത്തലിന് ശ്രമം ഊർജിതം. ഇതിനായി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രായേലിൽ എത്തുമെന്നാണ് സൂചന. വെടിനിർത്തലിനുള്ള സമഗ്ര പദ്ധതി ഈജിപ്ത് അവതരിപ്പിക്കുമെന്ന് ഹിസ്ബുല്ലയുമായി ബന്ധമുള്ള മാധ്യമമായ അൽ അഖ്ബാർ റിപ്പോർട്ട് ചെയ്തു.
ഒന്നോ രണ്ടോ മാസത്തെ ആദ്യഘട്ട വെടിനിർത്തലിനാണ് ലക്ഷ്യമിടുന്നത്. ഇക്കാലയളവിൽ പ്രായമായവർക്കും രോഗികൾക്കും മുൻഗണന നൽകി ബന്ദികളെ ഘട്ടങ്ങളായി മോചിപ്പിക്കണം. ഇതിന് സമാന്തരമായി ദീർഘകാല ലക്ഷ്യത്തോടെയുള്ള ചർച്ചയും നടക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ജീവനോടെയുള്ള ബന്ദികളുടെ പട്ടിക നൽകാൻ വെടിനിർത്തൽ നിലവിൽവന്നശേഷം ഒരാഴ്ച ഹമാസിന് സമയം അനുവദിക്കണമെന്ന് ഈജിപ്ത് സംഘം അഭ്യർഥിക്കും. ഈജിപ്ത് മേൽനോട്ടത്തിൽ ഫലസ്തീൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈജിപ്തിനും ഗസ്സക്കുമിടയിലെ റഫ ഇടനാഴി പൂർണമായും തുറക്കുന്നതും സമാധാന പദ്ധതിയുടെ ഭാഗമാണ്. അതിർത്തിയിലൂടെ ഈജിപ്തിലേക്ക് കടക്കുന്നവരെ നിയന്ത്രിക്കാൻ ഇസ്രായേലിന് അവകാശമുണ്ടാകും. വരും നാളുകളിൽ അതിർത്തി ഇടനാഴി നിയന്ത്രിക്കുന്നതിന് ഫലസ്തീൻ അധികൃതർ ഹമാസിനെ അനുവദിക്കില്ലെന്ന ഉറപ്പും ഈജിപ്ത് നേടിയെടുക്കും. സമാധാന പദ്ധതിയുടെ ഭാഗമായി ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങളും ബന്ദികൾക്ക് ആവശ്യമായ മരുന്നും എത്തിക്കും.
തുടക്കത്തിൽ ഗസ്സയിലെ സൈനിക സാന്നിധ്യം നിലനിർത്തുന്നതിന് ഇസ്രായേലിനെ അനുവദിക്കും. എന്നാൽ, സൈനിക നീക്കങ്ങളൊന്നുമുണ്ടാകില്ല. ഫലസ്തീൻ തടവുകാരുടെ മോചനവും കരാറിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.