ബൈറൂത്ത്: ഇന്നലെ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം. തെക്കൻ ലബനാനിലാണ് ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. കൂടാതെ തെക്കൻ ലബാനനിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഇസ്രായേൽ സൈന്യം വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. നാളെ വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചാണ് ഇസ്രായേൽ സൈനിക മേധാവിയുടെ അറബിക് വക്താവ് അവിചയ് അദ്രേയി അറിയിപ്പ് നൽകിയത്.
ലബനാൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പ് വെടിനിർത്തൽ കരാർ ലംഘനമാണെന്ന് ഹിസ്ബുല്ല എം.പി ഹസൻ ഫദ്ലല്ല ചൂണ്ടിക്കാട്ടി. ലബനാന്റെ തെക്കൻ അതിർത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സാധാരണക്കാർക്ക് നേരെയാണ് ഇസ്രായേൽ വെടിയതിർത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവരെ ഇസ്രായേൽ സേന ആക്രമിക്കുകയാണെന്ന് പാർലമെൻ്റ് സമ്മേളനത്തിന് ശേഷം ഫദ്ലല്ല മാധ്യമങ്ങളോട് പറഞ്ഞു.
14 മാസം നീണ്ട അതിക്രമങ്ങൾക്ക് താൽക്കാലിക അറുതികുറിച്ച് പ്രാദേശിക സമയം ബുധനാഴ്ച പുലർച്ച നാലോടെയാണ് ലബനാനിൽ ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. 60 ദിവസത്തേക്കാണ് വെടിനിർത്തൽ കരാർ. ഇതോടെ, തെക്കൻ ലബനാനിൽ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്രായേൽ സൈനിക പിന്മാറ്റവും തുടങ്ങി.
ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേൽ സുരക്ഷ മന്ത്രിസഭ വെടിനിർത്തലിന് അംഗീകാരം നൽകിയത്. തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിർത്തൽ. ലബനാൻ- ഇസ്രായേൽ അതിർത്തിയിൽനിന്ന് 28 കിലോമീറ്റർ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികൾ പിൻവാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിർത്തിയിൽ 5000 ലബനാൻ സൈനികരെ വിന്യസിക്കണം.
ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേൽ, ഫ്രാൻസ്, യു.എസ് എന്നിവ സംയുക്തമായി ലബനാൻ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ‘ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിനെ ഹിസ്ബുല്ലയുടെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയിൽനിന്ന് മോചിപ്പിക്കാനുമാണ് വെടിനിർത്തലെ’ന്ന് യു.എസും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ബുധനാഴ്ച പുലർച്ച പ്രാബല്യത്തിൽ വരുന്നതിന് നാലു മണിക്കൂർ മുമ്പ് കുടിയൊഴിപ്പിക്കൽ ഉത്തരവിറക്കിയും ഒരു മണിക്കൂർ മുമ്പും വ്യോമാക്രമണം തുടർന്നും ലബനാനിൽ ഭീതി വിതച്ചായിരുന്നു ഇസ്രായേൽ താൽക്കാലിക വെടിനിർത്തൽ. അതിർത്തിയിലെ ഹിസ്ബുല്ല പോരാളികൾ പിന്മാറുന്നതിനൊപ്പം സംഘടനയുടെ എല്ലാ സൈനിക സംവിധാനങ്ങളും തകർത്ത് പകരം ലബനാൻ സൈന്യത്തിലാക്കാനും വ്യവസ്ഥയുണ്ട്. ഇതിന് യു.എസും ഫ്രാൻസും മേൽനോട്ടം വഹിക്കും.
ഫ്രഞ്ച് സേന നേരിട്ടും അമേരിക്ക പുറത്തുനിന്ന് പിന്തുണ നൽകിയുമാകും ഇത് പ്രാബല്യത്തിൽ വരുത്തൽ. അതിർത്തിയിൽ തുരങ്കം നിർമിക്കുകയോ റോക്കറ്റ് വർഷിക്കുകയോ ചെയ്താൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം പുനരാരംഭിക്കാൻ കരാറിൽ വ്യവസ്ഥയില്ലെങ്കിലും ഇതിനാവശ്യമായ കത്ത് യു.എസ് നൽകുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.