ഖർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഈജിപ്ത് തങ്ങളുടെ സൈനികരെ ഒഴിപ്പിച്ചു. സൈന്യവുമായി പോരാട്ടം നടത്തുന്ന അർധസൈനിക വിഭാഗം തടവിലാക്കിയ സൈനികരെയാണ് രക്ഷിച്ചത്. സമാധാനത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, രാജ്യത്ത് കഴിയുന്ന തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിന് ജപ്പാനും നെതർലൻഡ്സും സുഡാന് സമീപമുള്ള വിമാനത്താവളത്തിലേക്ക് വിമാനങ്ങളയച്ചു.
തലസ്ഥാന നഗരത്തിന് വടക്കുള്ള മെറോവ് എയർപോർട്ട് ആക്രമിച്ചാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്സ് ഈജിപ്ത് വ്യോമസേന ടെക്നീഷ്യന്മാരെ തടവിലാക്കിയത്. സുഡാൻ സൈന്യവുമായി അടുപ്പം പുലർത്തുന്ന രാജ്യമാണ് ഈജിപ്ത്. പരിശീലനത്തിനും സംയുക്ത സൈനികാഭ്യാസത്തിനുമായാണ് സൈനികർ സുഡാനിൽ എത്തിയതെന്ന് ഈജിപ്ത് അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മുതൽ 24 മണിക്കൂർ വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ച സാഹചര്യത്തിലാണ് സൈനികരെ ഒഴിപ്പിച്ചത്. ചൊവ്വാഴ്ചയും 24 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.
അഞ്ച് ദിവസം മുമ്പ് തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 330 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ വ്യക്തമാക്കുന്നത്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയിലും പലയിടങ്ങളിലും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, തലേദിവസത്തെപ്പോലെ രൂക്ഷമായ ആക്രമണമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.